
കോട്ടയം: പൂമാനം പൂത്തുലഞ്ഞു… വോട്ടെല്ലാം യുഡിഎഫിനായി… പാട്ടുപാടി വോട്ടര്മാരുടെ മനസ് കീഴടക്കുകയാണ് പി. ജെ. ജോസഫ്. രാഷ്ട്രീയത്തിനൊപ്പം സംഗീതവും കൃഷിയും ഒക്കെയായി ജീവിക്കുന്ന മുൻ മന്ത്രിയും എംഎൽഎയുമായ പി.ജെ.ജോസഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തില് വേറിട്ട വഴിയിലാണ്.
യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചരണാർഥം പാട്ടുപാടിയാണ് പി. ജെ. ജോസഫ് വോട്ടു തേടുന്നത്.
ഈണം സന്ധ്യ എന്ന പേരിലാണ് പി.ജെ. ജോസഫും മകൻ അപു ജോസഫും പ്രചാരണവേദികളില് സംഗീത സായാഹ്നവുമായി എത്തുന്നത്. ഇന്നലെ കോട്ടയം അതിരമ്പുഴയിൽ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ജയ്സൺ ജോസഫിന്റെ പ്രചരണാർഥം അതിരമ്ബുഴയിൽ നടന്ന ഈണം സന്ധ്യ സംഗീത സായാഹ്നം ഏറെ ശ്രദ്ധേയമായി. പതിവു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു വ്യത്യസ്തമായി പാട്ടും വർത്തമാനവുമായി പി.ജെ.ജോസഫ് വോട്ടർമാരെ ആകർഷിച്ചു.
പൂമാനം പൂത്തുലഞ്ഞു, പൂവള്ളി കുടിലിലേതേ, പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം എന്നീ ഗാനങ്ങളാണ് ജോസഫ് പാടിയത്. ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളേ, മേരി സപ്നോകീ റാണി കബ് ആയേഗീ തൂ എന്നീ പാട്ടുകൾ അപുവും ആലപിച്ചു.പി.ജെ. ജോസഫിന്റെ മകനും കേരള കോണ്ഗ്രസ് കോ ഓർഡിനേറ്ററുമായ അപു ജോണ് ജോസഫും പ്രശസ്ത ഗായിക സോണി മോഹനും അദ്ദേഹത്തിനൊപ്പം ഗാനങ്ങളാലപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് തെരഞ്ഞെടുപ്പില് രാഹുല് ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം രാഹുൽ വന്നല്ലോ, വയനാട്ടിൽ വന്നല്ലോ എന്ന ഗാനം ആലപിച്ച് പി.ജെ. ജോസഫ് അന്നും പ്രചാരണത്തിൽ താരമായിരുന്നു. ഇത്തവണയും യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഗ്ലാമർ പ്രചാരകനായി പി.ജെ. ജോസഫ് മാറിയിരിക്കുകയാണ്.
കോട്ടയത്തിനു പുറമേ, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും കേരള കോൺഗ്രസ് സ്ഥാനാര്ഥികൾ മത്സരിക്കുന്നയിടങ്ങളിലും നിരവധി വേദികളിലാണ് ഈണം സന്ധ്യ സംഗീത സായാഹ്നം അരങ്ങേറുന്നത്.



