വെറും 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം: സംഗതി വൻഹിറ്റ്: സംസ്ഥാനത്ത് ആദ്യമായി കൊല്ലം കോർപറേഷനാണ് പദ്ധതി നടപ്പാക്കിയത്.

Spread the love

കൊല്ലം; പത്തു രൂപയ്ക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കുന്ന കൊല്ലം കോർപ്പറേഷന്റെ പദ്ധതി വൻ ഹിറ്റ്. ‘ഗുഡ്‌മോണിങ് കൊല്ലം’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്.
ചിന്നക്കട ബസ് ബേയ്ക്കുസമീപം ഒരുക്കിയിരിക്കുന്ന കൗണ്ട‌ർ വൻ ഹിറ്റായതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ പദ്ധതിയിടുന്നത്. ശക്തികുളങ്ങര, അഞ്ചാലുംമൂട് എന്നിവിടങ്ങളില്‍ കൗണ്ടറുകള്‍ തുടങ്ങുന്നത് സംബന്ധിച്ചാണ് കോർപ്പറേഷൻ ആലോചിക്കുന്നത്.

സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ പ്രഭാതഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്ലം കോർപ്പറേഷൻ ‘ഗുഡ്‌മോണിങ് കൊല്ലം’ നടപ്പാക്കിയത്. വെറും 10 രൂപയ്ക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്നതാണ് പദ്ധതി. കീശയിലെ കാശ് കാലിയാകാതെ വിശപ്പടക്കാം എന്ന ഉദ്ദേശ്യത്തിലാണ് പദ്ധതി കൊണ്ടുവന്നത്. കോർപ്പറേഷൻ വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ചിന്നക്കട ബസ് ബേയ്ക്കുസമീപം ഒരുക്കിയിരിക്കുന്ന കൗണ്ടറിലാണ് നിലവില്‍ ഭക്ഷണവിതരണം. രാവിലെ ഏഴുമുതല്‍ 9.30 വരെയാണ് പ്രവർത്തനം. എങ്കിലും ഭക്ഷണം തീരുന്നതനുസരിച്ച്‌ സമയത്തിലും മാറ്റംവരാം. സംസ്ഥാനത്ത് ആദ്യമായി 10 രൂപയ്ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത് കൊല്ലം കോർപ്പറേഷനിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശ്രാമത്തെ സ്‌നേഹിത കുടുംബശ്രീ പ്രവർത്തകർക്കാണ് ഭക്ഷണവിതരണച്ചുമതല. ഗുണഭോക്താക്കളില്‍നിന്നു ലഭിക്കുന്ന 10 രൂപ കുടുംബശ്രീ പ്രവർത്തകർക്ക് നല്‍കും. ഗുണഭോക്താവില്‍നിന്നു ലഭിക്കുന്ന 10 രൂപയോടൊപ്പം കോർപ്പറേഷന്റെ വിഹിതമായ 30 രൂപയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഏപ്രിലിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇഡ്ഡലി, അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിങ്ങനെ ഓരോദിവസവും ഓരോതരം ഭക്ഷണങ്ങളാണ് വിതരണം ചെയ്യുന്നത്. 10 രൂപയ്ക്ക് നാലെണ്ണം ലഭിക്കും. തുടർന്നും ആവശ്യമെങ്കില്‍ വീണ്ടും 10 രൂപ നല്‍കണം. കടലക്കറി, കിഴങ്ങുകറി, സാമ്ബാർ എന്നിങ്ങനെ കറികളും ലഭിക്കും. കുടിക്കാനുള്ള വെള്ളവും ഇതോടൊപ്പം നല്‍കും.

പത്തു രൂപയ്ക്ക് പ്രഭാത ഭക്ഷണത്തിന് പുറമേ പത്തുരൂപ കൂടി നല്‍കിയാല്‍ ചായയും ലഭിക്കും. ഭക്ഷണം വാങ്ങിക്കഴിക്കാനുള്ള സംവിധാനമാണുള്ളത്. പാഴ്സല്‍ സംവിധാനമില്ല. നിലവില്‍ ദിവസേന 300 മുതല്‍ 350 വരെ ആളുകള്‍ക്ക് ഇവിടെനിന്നും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.