പത്രികാ സമർപ്പണത്തിന് ഇനി മണിക്കൂറുകൾ മാത്രം: സ്ഥാനാർത്ഥികൾ ഓടിത്തളരുന്നു: പിണറായി വിജയൻ 25 – ന് കാഞ്ഞിരപ്പള്ളിയിൽ .

Spread the love

കോട്ടയം : പ്രചാരണത്തിന് മൂന്നാഴ്ചയില്‍ താഴെ മാത്രമുള്ളതിനാല്‍ മണ്ഡലത്തിന്റെ എല്ലാ മേഖലയിലുമെത്താൻ സ്ഥാനാർത്ഥികള്‍ ഓട്ട പ്രദക്ഷിണത്തിലാണ്.
പത്രികാ സമർപ്പണത്തിന് ഒരുദിവസം മാത്രം ശേഷിക്കെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഡോ.എൻ.ജയരാജ്, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, സെബാസ്റ്റ്യൻ കുളത്തുങ്കല്‍, മാണി സി.കാപ്പൻ, കെ.അജിത്ത്, ഷോണ്‍ ജോർജ്, പി.പ്രദീപ്, എന്നിവർ ഇന്നലെ പത്രിക നല്‍കി.

video
play-sharp-fill

അമ്മ മറിയാമ്മയ്ക്കൊപ്പം പുതുപ്പള്ളി പള്ളിയില്‍ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പത്രിക വച്ച്‌ ചാണ്ടി ഉമ്മൻ പ്രാർത്ഥിച്ചു. തുടർന്ന് തിരുനക്കരയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാർച്ചന നടത്തി പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക നല്‍കാനെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ ഭാര്യ സിന്ധുവായിരുന്നു കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.

കേന്ദ്ര മന്ത്രി ജോർജ് കുര്യനും മറ്റു സ്ഥാനാർത്ഥികളും മണ്ഡലത്തിലെ പ്രമുഖ ആരാധനാലയങ്ങള്‍ സന്ദർശിച്ച ശേഷം നിരവധി പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക നല്‍കാനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി വി.എൻ.വാസവൻ, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിള്‍, സെബാസ്റ്റ്യൻ കുളത്തുങ്കല്‍, പി.സി ജോർജ്, അഡ്വ.കെ.അനില്‍കുമാർ, നാട്ടകം സുരേഷ്, കെ.എം.രാധാകൃഷ്ണൻ, എൻ.ഹരി, പി.അനില്‍കുമാർ, നിർമ്മല ജിമ്മി, തുടങ്ങിയവർ നാളെ പത്രിക നല്‍കും.

ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ റോഡ് ഷോ ഇന്നലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ നിന്ന് ആരംഭിച്ചു.

ഇളക്കി മറിച്ച്‌ മണ്ഡലം കണ്‍വെൻഷൻ
കോട്ടയം, പുതുപ്പള്ളി യു.ഡി.എഫ് സ്ഥാനാർത്ഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ കണ്‍വെൻഷനുകള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തിയില്‍ മോൻസ് ജോസഫിന്റെയും, പാലായില്‍ മാണി സി.കാപ്പന്റെയും കണ്‍വെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളിയിലെ എൻ.ഡി.എ കണ്‍വെൻഷൻ ബി.ഡിജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു
പാലായിലും ചങ്ങനാശേരിയിലും ഇടതുസ്ഥാനാർത്ഥികളായ ജോസ് കെ മാണി , ജോബ് മൈക്കിള്‍ എന്നിവരുടെ കണ്‍വെൻഷനുകള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എല്‍.ഡി.എഫ് കണ്‍വെൻഷനുകള്‍ ഇന്ന് നടക്കും.

25 ന് പിണറായി എത്തും
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എല്‍.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ.എൻ ജയരാജ്, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം 25 ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗത്തില്‍ പിണറായി വിജയൻ പ്രസംഗിക്കും. സി.പി.എം സ്ഥാനാർത്ഥികളായ വി.എൻ.വാസവൻ, കെ.അനില്‍കുമാർ, കെ.എം രാധാകൃഷ്ണൻ എന്നിവർ പഞ്ചായത്ത് കണ്‍വെൻഷനുകളിലേക്ക് കടന്നു. സ്ഥാനാർത്ഥികള്‍ ഭവന സന്ദർശനവും തുടങ്ങി.

പുതുപ്പള്ളിയില്‍ ബി.ജെ.പി സ്ഥാനാർത്ഥിയായി
പുതുപ്പള്ളി മണ്ഡലത്തില്‍ അവസാനം ബി.ജെപിയ്ക്ക് സ്ഥാനാർത്ഥിയായി. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള രവീന്ദ്രനാഥ് വാകത്താനമാണ് മത്സരരംഗത്ത്. ഇതോടെ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥി പട്ടികയായി.