തദേശ തെരഞ്ഞെടുപ്പ്: പത്രിക പിൻവലിക്കാൻ അൽപ സമയം കൂടി മാത്രം: വിമതരും റിബലും പലയിടത്തും ഉറച്ചു തന്നെ: അനുനയ നീക്കങ്ങൾ ഊർജിതമാക്കി മുന്നണികൾ.

Spread the love

കോട്ടയം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക സമർപ്പിച്ചവർക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

video
play-sharp-fill

വിമത സ്ഥാനാർഥികളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പത്രിക പിൻവലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പ്രധാന രാഷ്ട്രീയ പാർട്ടികള്‍.
തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയ കണക്കുകള്‍ പ്രകാരം, ആകെ 1,07,211 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഇതില്‍ 2,479 എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളിക്കളഞ്ഞു.

തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബർ 26 മുതല്‍ ആരംഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു. ഇന്ന് മൂന്ന് മണിക്ക് ശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നണികളിലെ വിമത സ്ഥാനാർഥികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമായി നടക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ കോർപ്പറേഷനില്‍ എല്‍.ഡി.എഫില്‍ സീറ്റ് വിഭജനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കേരള കോണ്‍ഗ്രസ് (മാണി) സ്വന്തമായി മൂന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇവരെ പിൻവലിപ്പിക്കാനുള്ള ചർച്ചകള്‍ തുടരുകയാണ്. കോണ്‍ഗ്രസിനുള്ളിലും നിരവധി വാർഡുകളില്‍ വിമതൻമാർ മത്സരരംഗത്തുണ്ട്. സി.പി.ഐ. പുറത്താക്കിയ ബീനാ മുരളി, കൃഷ്ണപുരം വാർഡില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.

വയനാട്ടില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെ പിന്തിരിപ്പിക്കാൻ മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതായാണ് റിപ്പോർട്ട്.
കോഴിക്കോട് കുന്ദമംഗലത്ത് കോണ്‍ഗ്രസ് വിമതരെ അനുനയിപ്പിക്കാൻ ചർച്ചകള്‍ സജീവമാണ്. എന്നാല്‍, ചാലപ്പുറം വാർഡിലെ കോണ്‍ഗ്രസ് വിമതൻ അയൂബ് മത്സരരംഗത്ത് തുടരുമെന്നാണ് സൂചന.

പത്തനംതിട്ടയില്‍ ജില്ലാ പഞ്ചായത്തിലെ കൊടുമണ്‍ ഡിവിഷനില്‍ യു.ഡി.എഫ്. റിബലായി പത്രിക നല്‍കിയ തട്ടയില്‍ ഹരികുമാർ പിന്മാറുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

കോട്ടയം നഗരസഭ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യനെതിരെ കോണ്‍ഗ്രസ് വിമതനായി പ്രേം ജോസ് കൂരമറ്റം മത്സരിക്കുന്നു. പാലാ നഗരസഭയിലെ 19-ാം വാർഡില്‍ സിറ്റിങ് കൗണ്‍സിലർ രാഹുലാണ് കോണ്‍ഗ്രസ് വിമത സ്ഥാനാർഥി.
ഏറ്റുമാനൂർ നഗരസഭയിലെ 30-ാം വാർഡില്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി. ജയപ്രകാശിനെതിരെ സി.പി.എം. പ്രവർത്തകനായ വി.പി. ബിനീഷ് മത്സരിക്കും. എരുമേലിയില്‍ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിക്കെതിരെ ലീഗ് വിമതനും രംഗത്തുണ്ട്. സിറ്റിങ് സീറ്റുകള്‍ പോലും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പള്ളിക്കത്തോട്ടില്‍ ബി.ജെ.പി.ക്കെതിരെ ബി.ഡി.ജെ.എസ്. ഒരു സീറ്റിലും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു.

കൊല്ലം ജില്ലാ പഞ്ചായത്ത് അഞ്ചല്‍ ഡിവിഷനില്‍ ഡി.സി.സി. നിർവാഹക സമിതി അംഗമായ പി.ബി. വേണുഗോപാലും മുസ്ലീം ലീഗ് പുനലൂർ നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡന്റ് അഞ്ചല്‍ ബദറുദ്ദീനും പത്രിക നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരാളെ പിൻവലിക്കാനുള്ള ചർച്ചകള്‍ പുരോഗമിക്കുന്നു. കോർപ്പറേഷനിലെ വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.