
തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ ഹാക്ക് ചെയ്തതായി പരാതി. സെർവർ ഡേറ്റാ ബേസ് ഹാക്ക് ചെയ്തുവെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. രണ്ട് മാസങ്ങള്‍ മുന്‍പ് ജൂൺ 13ാം തിയതിയാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് എഫ് ഐ ആർ രേഖകളിൽ നിന്നും വ്യക്തമാകുന്നത്. ക്ഷേത്രത്തിലെ കപ്യൂട്ടർ സംവിധാനം പ്രവർത്തന രഹിതമാക്കണമെന്ന ഉദ്ദേശത്തോടെ സെർവസർ സിസ്റ്റം ഹാക്ക് ചെയ്തുവെന്നും കംപ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന ഡാറ്റകൾക്കും മാറ്റം വരുത്തിയെന്നുമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഭരണ സമിതിയിലെ ചില ആളുകളും ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങളുടെ ഭാഗമായാണ് ഹാക്കിങ്ങെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സിസ്റ്റം കൈകാര്യം ചെയ്യുന്ന ജീവനക്കാരനെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മാറ്റി. പകരം പുതിയ ആളെ നിയമിച്ചിരുന്നു. ഇതിന് ശേഷമാണ് പൂജകളുമായി ബന്ധപ്പെട്ട പണമിടപാടുകളും അതുമായി ബന്ധപ്പെട്ട ബാങ്ക് വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തിയതെന്നാണ് വിവരം.