
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ പുരസ്കാരത്തില്‍ സി.പി.എം ഉടന്‍ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കില്ല.
പുരസ്കാര ദാന ചടങ്ങിന്റെ തീയതിയും അന്നത്തെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താകും പാര്‍ട്ടി അന്തിമ തീരുമാനം എടുക്കുക. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് പുരസ്കാര ദാനമെങ്കില്‍, വി.എസിനെതിരായ നിലപാട് എന്ന പഴി കേള്‍ക്കാതിരിക്കാന്‍ പാര്‍ട്ടി ഇത് എതിര്‍ത്തേക്കില്ല. പകരം, പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം വി.എസിന്റെ കുടുംബത്തിന് വിട്ടുനല്‍കാനാണ് സാധ്യത.
ഇ.എം.എസ്. നമ്പൂതിരിപ്പാടും ബുദ്ധദേബ് ഭട്ടാചാര്യയും പത്മ പുരസ്കാരങ്ങള്‍ നിരസിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളത്. 1992-ല്‍ നരസിംഹറാവു സര്‍ക്കാരിനോടുള്ള രാഷ്ട്രീയ വിയോജിപ്പ് ചൂണ്ടിക്കാട്ടിയാണ് ഇ.എം.എസ് പത്മവിഭൂഷണ്‍ വേണ്ടെന്ന് വെച്ചത്. 2022-ല്‍ പത്മഭൂഷണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധദേബ് ഭട്ടാചാര്യയും ഇതേ പാത പിന്തുടര്ന്നു. എന്നാല്‍ വി.എസിന്റെ കാര്യത്തില്‍ ഇത് മരണാനന്തര ബഹുമതിയാണെന്നത് പാര്‍ട്ടിയുടെ മുന്‍ നിലപാടുകളില്‍ ഇളവ് വരുത്താന്‍ കാരണമായേക്കും. ഇതിനോടകം തന്നെ വി.എസിന്റെ മകന് വി.എ അരുണ്‍ കുമാര്‍ പുരസ്കാരത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ദേശസ്നേഹവും ജനകീയ വികാരവും മുന്‍നിര്‍ത്തി വി.എസിനെ ആദരിക്കുന്നതിനെ സി.പി.എം തള്ളിക്കളയില്ലെന്നാണ് സൂചന.
രാഷ്ട്രീയമായി ബിജെപിയുടെ തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ പുരസ്കാരം സ്വീകരിക്കുന്നതാകും ഉചിതമെന്ന വിലയിരുത്തലും ഒരു വിഭാഗത്തിനുണ്ട്. പുരസ്കാര ദാന സമയത്തെ രാഷ്ട്രീയ ചലനങ്ങളാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നിശ്ചയിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഭാവിയില്‍ പത്മ പുരസ്കാരം കിട്ടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ഇത്തരം പുരസ്കാരം നല്‍കുന്നത് ബിജെപി സര്‍ക്കാരിന്റെ രീതിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുമ്പ് ജ്യോതി ബസുവിനെ സിപിഎം പ്രധാനമന്ത്രിയാകാന്‍ അനുവദിച്ചില്ല. ഇത് തെറ്റാണെന്ന് പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പത്മാ പുരസ്കാരത്തിലും സിപിഎം തെറ്റുതിരുത്തലിന് തയ്യാറാകുമെന്നാണ് സൂചന. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് നേട്ടമായിരുന്നു ഇത്തവണ. സിപിഎമ്മിന്റെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖരുടെ വലിയ നിര തന്നെയുണ്ടായിരുന്നു.
കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്ന വി.എസ്. അച്യുതാനന്ദന് നല്കിയ പത്മവിഭൂഷണ്‍ പുരസ്കാരം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നൂറ് വയസ്സ് തികച്ച് അടുത്തിടെ അന്തരിച്ച വി.എസ്സിനോടുള്ള ആദരവായി കേന്ദ്ര സര്‍ക്കാര്‍ ബഹുമതി പ്രഖ്യാപിച്ചത്. വി.എസ്സിനൊപ്പം ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണന് എന്നിവര്‍ക്കും പത്മവിഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു. നിയമരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഇവര്‍ നല്കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ അംഗീകാരം. മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ചു. കലാരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ വലിയ അംഗീകാരം തേടിയെത്തിയത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റൊരു പ്രമുഖ വ്യക്തി. സാമൂഹിക പ്രവര്‍ത്തന രംഗത്തെ മികവിനാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
നൃത്തരംഗത്തെ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച് കലാമണ്ഡലം വിമല മേനോന് പത്മശ്രീ പുരസ്കാരം നല്കി. നേരത്തെ പ്രഖ്യാപിച്ച ‘അണ്‍സങ് ഹീറോസ്’ പട്ടികയില്‍ ഉള്‍പ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക ദേവകിയമ്മയ്ക്ക് പുറമെയാണ് കലാമണ്ഡലം വിമല മേനോനും പത്മശ്രീ തിളക്കത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വി.എസ്. അച്യുതാനന്ദനും വെള്ളാപ്പള്ളി നടേശനും ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്കിയ പുരസ്കാരങ്ങളെ രാഷ്ട്രീയ നീക്കമായി നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തിന്റേയും ഈഴവ സമുദായത്തിന്റേയും സ്വാധീനത്തെ മുന്‍നിര്‍ത്തിയുള്ള കേന്ദ്രത്തിന്റെ തന്ത്രപരമായ ഇടപെടലാണിതെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നു.



