സാക്ഷരതാ പ്രവർത്തക പദ്മശ്രീ കെ.വി. റാബിയ അന്തരിച്ചു

Spread the love

മലപ്പുറം: പോളിയോയും അർബുദവും തളർത്തിയിട്ടും ദൃഢനിശ്ചയംകൊണ്ട് നിരവധിയാളുകളിലേക്ക് അക്ഷരവെളിച്ചം പകർന്ന പദ്മശ്രീ കെ.വി. റാബിയ(58) അന്തരിച്ചു. ഏതാനും വർഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്.

പതിനാലാമത്തെ വയസ്സുമുതൽ പോളിയോ ബാധിതയായി ശരീരം തളർന്ന റാബിയ ഏറെ വെല്ലുവിളികൾ നേരിട്ടായിരുന്നു പഠനം പൂർത്തിയാക്കിയത്. പ്രീഡിഗ്രി പഠനത്തിന് ശേഷം വീട്ടിൽ സാക്ഷരതാക്ലാസ് തുടങ്ങി. നാട്ടിലെ നിരക്ഷരരായ നിരവധി പേർക്ക് വീൽചെയറിലിരുന്ന് അക്ഷരം പറഞ്ഞുകൊടുത്ത് അവരെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ചു. റാബിയയുടെ സാക്ഷരതാപ്രവർത്തനത്തിന് യു.എൻ. പുരസ്കരമടക്കം ലഭിക്കുകയും 2022-ൽ രാജ്യം പദ്മശ്രീ നൽകി ആദരിക്കുകയും ചെയ്തിരുന്നു.

 

1990-കളിലാണ് റാബിയ സാക്ഷരതാ പ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. 1994-ൽ ചലനം ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനയ്ക്ക് രൂപം നൽകി. സംസ്ഥാന സർക്കാരിന്റെ വനിതാ രത്നം അവാർഡ്, സംസ്ഥാന സാക്ഷരത മിഷൻ അവാർഡ്, സീതി സാഹിബ് അവാർഡ്, യൂണിയൻ ചേംബർ ഇന്റർനാഷണൽ അവാർഡ്, നാഷണൽ യൂത്ത് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപ്പത്തിലേ വായന ശീലമാക്കിയ റാബിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് എന്ന ആത്മകഥയും രചിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് മൂസക്കുട്ടി ഹാജിയുടേയും ബിയാച്ചുട്ടി ഹജ്ജുമ്മയുടേയും മകളാണ്. ഭർത്താവ്: ബങ്കളത്ത് മുഹമ്മദ്.