“കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി” ; ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Spread the love

കൽപറ്റ : ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്, പത്മജയെ വിനായക ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി എന്ന് എഴുതി വെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം കോൺഗ്രസിന്റെ രൂക്ഷ വിമർശനവുമായി പത്മജയും മറ്റു കുടുംബാംഗങ്ങളും രംഗത്ത് എത്തിയിരുന്നു.ഡിസിസി ഓഫീസിന് മുന്നിൽ മക്കൾക്കൊപ്പം നിരാഹാരമിരിക്കുമെന്നും പത്മജ  പറഞ്ഞു. എൻ എം വിജയൻറെ എല്ലാ ബാധ്യതകളും തീർക്കുമെന്ന് പറഞ്ഞതല്ലേയെന്നും അവർ ചോദിച്ചു.

‘അച്ഛന്റെ വ്യക്തിപരമായ ആവശ്യത്തിനാണ് പണം എടുത്തിരുന്നതെങ്കിൽ ഇങ്ങനെ സംസാരിക്കേണ്ടി വരില്ല. പാർട്ടിക്ക് വേണ്ടിയാണ് അച്ഛൻ കടം വാങ്ങിയത്. ബാങ്ക് ഇടപാടുകൾ തീർത്തുനൽകിയാൽ മതി. അന്ന് അച്ഛന്റെ കത്ത് പുറത്തുവന്നപ്പോൾ പറഞ്ഞത് അന്തവും കുന്തവുമില്ലാത്ത കുടുംബമാണെന്നൊക്കെയാണ്. എൻ എം വിജയന്റെ എല്ലാ ഇടപാടുകളും തീർക്കും എന്ന് പറഞ്ഞതല്ലേ.

എഗ്രിമെന്റും ഇപ്പോൾ കാണാനില്ല. പാർട്ടി പറഞ്ഞുപറ്റിച്ചു. ഉപസമിതി രൂപീകരിച്ച് വീട്ടിൽ വന്ന് മാധ്യമങ്ങളോട് പറയാനുള്ളത് പറഞ്ഞ് പഠിപ്പിച്ചു. പാർട്ടിയെ വിശ്വാസമാണെന്ന് പറയാൻ പറഞ്ഞു. എല്ലാ പ്രശ്നങ്ങളും തീർക്കാമെന്ന് പറഞ്ഞവർ പിന്നീട് വാക്കുമാറ്റി.

എന്റെ ഭർത്താവിനെ രോഗിയാക്കി മാറ്റിയത് പാർട്ടിയാണ്. വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഞാൻ പിടിച്ചുനിൽക്കുന്നത് കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. പക്ഷെ ഇടയ്ക്ക് ഞാനും പതറിപ്പോകും. ഞങ്ങൾ മരിച്ചാൽ മാത്രമേ പാർട്ടിക്ക് നീതി തരാൻ കഴിയുള്ളൂ എന്നുണ്ടോ?’എന്നും  പത്മജ ചോദിച്ചിരുന്നു.

ഡിസംബർ 25-നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരുടെ പേരുകളടക്കം വിജയൻ കത്തിൽ പരാമർശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.