
ഡൽഹി: ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയില്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയല്‍വാസിയായ മൗലാന പിടിയില്‍.
പെണ്‍കുട്ടി വീട്ടില്‍ വെച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് ക്രൂരമായ പീഡനവിവരം പുറംലോകമറിയുന്നത്. സംഭവത്തില്‍ പില്‍ഖുവ കോട്‌വാലി സ്വദേശിയായ മൗലാന ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളോളമായി കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 14-ന് പെണ്‍കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം ഡോക്ടർമാർ അറിയിക്കുന്നത്. വീട്ടുകാർ വിവരമറിഞ്ഞ് ഞെട്ടിനില്‍ക്കുന്നതിനിടെ അന്നുതന്നെ പെണ്‍കുട്ടി വീട്ടില്‍ വെച്ച് പ്രസവിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് ഗർഭധാരണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു.
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അയല്‍വാസിയായ മൗലാന ഇസ്ലാം തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയെത്തിയായിരുന്നു പീഡനം. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം രഹസ്യമാക്കി വെച്ചതെന്നും കുട്ടി മൊഴി നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്രോഹ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് വർഷങ്ങളായി പില്‍ഖുവയിലെ ഭാര്യാഗൃഹത്തില്‍ താമസിച്ച് കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഫെബ്രുവരി 17-ന് പോലീസ് കേസെടുക്കുകയും 18-ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയെയും നവജാതശിശുവിനെയും വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
ഇരുവരും ആരോഗ്യവാന്മാരാണെന്ന് പില്‍ഖുവ കോട്‌വാലി ഇൻസ്‌പെക്ടർ മനീഷ് ചൗഹാൻ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു. ഉത്തർപ്രദേശില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിക്കുന്നതിനിടെയാണ് നടുക്കുന്ന ഈ വാർത്ത കൂടി പുറത്തുവരുന്നത്.



