പതിനായിരം രൂപയ്ക്ക് പത്ത് ദിവസത്തെ ഭാരതയാത്രയുമായി വീണ്ടും റെയിൽവേ
സ്വന്തംലേഖകൻ
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) ഉത്തരേന്ത്യയിലെ വിനോദ, തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ പാക്കേജും ഇന്തോനേഷ്യയിലെ ബാലി ദ്വീപ് സന്ദർശന പാക്കേജും പ്രഖ്യാപിച്ചു.ജൂലായ് 16ന് മധുരയിൽ നിന്നാണ് ഭാരത് ദർശൻ ട്രെയിൻ പുറപ്പെടുക. ഡൽഹി, മഥുര, വരാണാസി, ഗയ, അലഹബാദ് എന്നിവിടങ്ങൾ സന്ദർശിച്ച് 26ന് മടങ്ങിയെത്തും.ടിക്കറ്റ് നിരക്ക് 10,395 രൂപ. ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, ഡോർമിറ്ററി താമസം, സ്ഥലങ്ങൾ സന്ദർശിക്കുവാൻ വാഹന സൗകര്യം, ടൂർ എസ്‌കോർട്ട്, ട്രെയിൻ കോച്ചുകളിൽ സെക്യൂരിറ്റി എന്നീ സേവനങ്ങൾ പാക്കേജിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൽ.ടി.സി സൗകര്യം ലഭ്യമാണ്.
ബാലി കാണാം
ഇന്തോനേഷ്യയിലെ മനോഹര ദ്വീപായ ബാലിയിലേക്ക് ആഗസ്റ്റ് 11 നാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടുക. 15ന് തിരിച്ചെത്തും.
ജിംബാരൻ ബീച്ച്, കിന്റാമനി, ഉബുഡ് മങ്കി ഫോറസ്റ്റ്, സജീവ അഗ്‌നിപർവ്വതമായ ‘മൗണ്ട് ബാട്ടൂർ’, ബാട്ടൂർ തടാകം, തീർത്ഥാ എംപൂൾ ടെംപിൾ, തൻജുങ്ങ് ബെനാവോ ബീച്ച്, ടർട്ടിൽ ഐലന്റ്, ഉലുവാട്ടു ടെംപിൾ, തമാൻ ആയുൻ ടെമ്പിൾ, ഉളുൻ ദാനു ബ്രാട്ടൻ ടെമ്പിൾ, തനാ ലോട്ട് ടെമ്പിൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം.ടിക്കറ്റ് നിരക്ക് 45,100 രൂപ മുതൽ. വിമാന ടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടൽ താമസം, എ.സി വാഹനം, ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, ടൂർ മാനേജർ, ഗൈഡ്, വിസ, ഇൻഷ്വറൻസ് തുടങ്ങിയയ പാക്കേജിലുണ്ട്.
വിവരങ്ങൾക്ക് തിരുവനന്തപുരം 9567863245, എറണാകുളം
9567863242/41, കോഴിക്കോട് – 9746743047.
www.irctctourism.com