video
play-sharp-fill

25000 രൂപ അടയ്ക്കാനുള്ള നോട്ടീസിന് മറുപടിയായി, കോശിയുടെ ‘ഈഗോ ക്ലാഷിൽ’ സർക്കാരിന് വെറുതെ കിട്ടിയത് 2.5 കോടിയുടെ ഭൂമി

25000 രൂപ അടയ്ക്കാനുള്ള നോട്ടീസിന് മറുപടിയായി, കോശിയുടെ ‘ഈഗോ ക്ലാഷിൽ’ സർക്കാരിന് വെറുതെ കിട്ടിയത് 2.5 കോടിയുടെ ഭൂമി

Spread the love

കൊച്ചി: സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണവിഭാഗത്തിന്റെ എറണാകുളം റെയ്ഞ്ച് ആസ്ഥാനം ശനിയാഴ്ച തേവരയില്‍ തുറക്കുമ്ബോള്‍ പരസ്യമാകുന്നത് ‘അയ്യപ്പനും കോശിയും’ സിനിമയിലേതുപോലുള്ള ഒരു വാശിയുടെ കഥയാണ്.

വെറും ഇരുപത്തി അയ്യായിരം രൂപ അടയ്ക്കാനുള്ള നോട്ടീസിന് മറുപടിയായി കോടികള്‍ വിലമതിക്കുന്ന ഭൂമി സർക്കാരിന് വെറുതേ എറിഞ്ഞുകൊടുത്ത അതിലെ നായകന്റെ പേര് ഡോ. കോശി വി. ജോണ്‍. നാല്പത്തിമൂന്നുവർഷത്തെ വാടകവാസത്തിനുശേഷം രഹസ്യപ്പോലീസ് സ്വന്തംകെട്ടിടത്തില്‍ താവളമുറപ്പിക്കുമ്ബോള്‍, ഭൂമിയിലുണ്ടായിരുന്നെങ്കില്‍ ഡോ. കോശി പറഞ്ഞേനെ: ‘ആളറിഞ്ഞ് കളിക്ക്…’

കോട്ടയം മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിച്ചശേഷം പിന്നീട് അമേരിക്കയിലേക്ക് പോകുകയായിരുന്നു പത്തനംതിട്ട സ്വദേശിയും ഇ.എൻ.ടി. ഡോക്ടറുമായ കോശി. തേവര മട്ടമ്മല്‍ ജങ്ഷന് സമീപം സുധർമ റോഡിലെ 10.373 സെന്റ് സ്ഥലംവാങ്ങിയപ്പോള്‍ ആധാരത്തില്‍ വിലകുറച്ചുകാണിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 2005-ല്‍ എളംകുളം വില്ലേജ് ഓഫീസില്‍ നിന്ന് അദ്ദേഹത്തിന് ചെന്ന അണ്ടർവാല്യുവേഷൻ നോട്ടീസിലാണ് ഈഗോ ക്ലാഷിന്റെ തുടക്കം. പിഴയായി അടയ്ക്കേണ്ടിയിരുന്നത് 25,000 രൂപയോളം. വിവാഹബന്ധം വേർപെടുത്തി ഒറ്റയാനായി ജീവിച്ച കോശി അതിന് തയ്യാറായില്ല. തുടർന്ന് റവന്യു റിക്കവറിയിലേക്ക് സർക്കാർ നടപടികള്‍ നീങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കണ്ടറിയണം കോശീ എന്തുസംഭവിക്കുമെന്ന്…’ ഈ സിനിമാ ഡയലോഗിനെ ഓർമിപ്പിക്കുംവിധം പലരും മുന്നറിയിപ്പുനല്‍കിയെങ്കിലും അഭിമാനത്തില്‍ മുറിവേറ്റ ഡോക്ടർ അതൊന്നും കേട്ടില്ല. പണമടച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളല്ലോ എന്ന് ഉദ്യോഗസ്ഥർ ചോദിച്ചിട്ടും വഴങ്ങിയില്ല. ഒടുവില്‍ അന്നത്തെ എറണാകുളം കളക്ടറായിരുന്ന എം.പി.എം. മുഹമ്മദ് ഹനീഷിനോട് കോശി പറഞ്ഞു: ‘എനിക്കാ ഭൂമി വേണ്ട…സർക്കാരിനെടുക്കാം..’ പിന്നാലെ, 2006-ല്‍ അതിലെ എല്ലാ അവകാശാധികാരങ്ങളും വിട്ടൊഴിഞ്ഞുകൊടുക്കുകയും ചെയ്തു.

ഇതേകാലത്താണ് സ്പെഷ്യല്‍ബ്രാഞ്ചിന്റെ റെയ്ഞ്ച് ആസ്ഥാനത്തിനായി സർക്കാർ 25 ലക്ഷം അനുവദിച്ചത്. 1982 മുതല്‍ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം. ഭൂമി കണ്ടെത്താനുള്ള ജോലി അന്നത്തെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി. എബ്രഹാം മാത്യു ഡിവൈ.എസ്.പി ജോയ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഏല്പിച്ചു. അതിലെ അംഗമായിരുന്ന എ.എസ്.ഐ. ബാബുലൻ മണിയാണ് തേവരയിലെ ഭൂമിയെക്കുറിച്ച്‌ ഉന്നതോദ്യോഗസ്ഥരോട് പറഞ്ഞത്. സർക്കാർ പുറമ്ബോക്കായതോടെ കായലരികത്തുള്ള ഭൂമിയില്‍ കൈയേറ്റം തുടങ്ങിയിരുന്നു.

അന്ന് എളംകുളം വില്ലേജ് ഓഫീസറും ഇപ്പോള്‍ എറണാകുളം ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം ഡപ്യൂട്ടി കളക്ടറുമായ കെ. മനോജാണ് റവന്യു റിക്കവറി നോട്ടീസ് മുതല്‍ കോശിയുടെ ഭൂമി സർക്കാരിന്റേതായി മാറിയതുവരെയുള്ള എല്ലാ നടപടികള്‍ക്കും നേതൃത്വം നല്‍കിയത്.

പോലീസില്‍ നിന്ന് ഭൂമിക്കായി അന്വേഷണം വന്നപ്പോള്‍ കൈയേറ്റം ഒഴിവാകുമല്ലോ എന്നുകരുതി മനോജ് തന്നെ അത് കൈമാറാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി. അങ്ങനെ 2013-ല്‍ സർക്കാർ സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തിനായി ഭൂമി അനുവദിച്ചു.

2019-ല്‍ കെട്ടിടം പണി തുടങ്ങി. ഇതിനിടെ കോശി ലോകത്തോട് വിടപറഞ്ഞു. ഇന്നത്തെ ഏകദേശ വിലവെച്ച്‌ നോക്കിയാല്‍ കോശി വാശിപ്പുറത്ത് സർക്കാരിന് എഴുതിക്കൊടുത്ത ഭൂമിക്ക് രണ്ടരക്കോടിയിലധികം മൂല്യമുണ്ട്. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്.