
കോന്നി: കോന്നി പാറമടയിലെ അപകടത്തിൽ കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചു. എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി. ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ച അതിഥിത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാൺധമാൽ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവർ ബിഹാർ സിമർല ജമുയ് ഗ്രാം സിമർലിയ അജയ് കുമാർ റായിയെ (38) ആണ് കാണാതായത്. പാറ ഇടിയുന്നതിനാൽ ദൗത്യം സങ്കീർണമാണ്.
പയ്യനാമൺ അടുകാട് കാർമലശേരി ഭാഗത്തുള്ള പാറമടയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടമുണ്ടായത്. പാറക്കെട്ടുകളുടെ മദ്ധ്യഭാഗത്ത് ഹിറ്റാച്ചിയിലായിരുന്നു ഓപ്പറേറ്ററായ മഹാദേവും സഹായി അജയ് റോയിയും ഉണ്ടായിരുന്നത്. കല്ലുകൾ ഇളക്കിമാറ്റുന്നതിനിടെ 40 അടി മുകളിൽ നിന്ന് ഹിറ്റാച്ചിയുടെ മുകളിലേക്ക് വലിയ കല്ലുകളും മണ്ണും ഇളകിവീഴുകയായിരുന്നു. ഇരുവരും ഇതിനിടിയിൽപ്പെട്ടു.
മണിക്കൂറുകൾക്ക് ശേഷം വൈകിട്ട് 6.15നാണ് മറ്റൊരു യന്ത്രം എത്തിച്ച് പാറ പൊട്ടിച്ച ശേഷം വഴിയൊരുക്കി അഗ്നിരക്ഷാസേന മൃതദേഹം കിടന്നിരുന്ന ഭാഗത്ത് എത്തിയത്. യന്ത്രമുപയോഗിച്ച് പാറ മാറ്റിയാണു മൃതദേഹം പുറത്തെടുത്തത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാനാണ് ജിയോളജി വകുപ്പിന് കളക്‌ടർ നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിനുശേഷം തുടർനടപടിയുണ്ടാകുമെന്ന് കളക്‌ടർ വ്യക്തമാക്കി.