
പത്തനംതിട്ട: പൊലീസിനെതിരെ ആരോപണവുമായി തിരുവല്ലയിൽ ജീവനൊടുക്കിയ അനീഷ് മാത്യുവിന്റെ കുടുംബം. ഭാര്യ റീനയുടെയും മക്കളുടെയും തിരോധാനത്തിൽ അനീഷിനെ പുളിക്കീഴ് പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം ആരോപിച്ചു. രാവിലെ മുതൽ വൈകിട്ട് വരെ സ്റ്റേഷനിൽ പിടിച്ചിരുത്തിയെന്നും പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അനീഷിൻ്റെ കുടുംബം പറഞ്ഞു. എന്നാൽ സാധാരണ മൊഴിയെടുക്കൽ മാത്രമാണ് നടന്നതെന്നും, തിരോധാന കേസിൽ സംശയങ്ങൾ ഏറെയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
തിരുവല്ലയിൽ രണ്ടാഴ്ച മുൻപ് മക്കളോടൊപ്പം കാണാതായ റീനയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്. റീനയുടെ ഭർത്താവ് അനീഷ് മാത്യുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന പുളിക്കീഴ് പൊലീസിനെതിരെ ആരോപണം കടുപ്പിക്കുകയാണ് അനീഷ് മാത്യുവിന്റെ കുടുംബം. പൊലീസ് മാനസികമായി പീഡിപ്പിച്ചതാണ് അനീഷിന്‍റെ ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് കുടുംബം പറയുന്നത്.