
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കായികതാരമായ ദളിത് പെണ്‍കുട്ടിയെ അഞ്ചുവർഷത്തിനിടെ 62 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനായി വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തരമായി നിയമിക്കാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.അഞ്ച് വർഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും സതീശൻ പറഞ്ഞു
ഈ കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണവുമാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തുവരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുർബലമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനം, പ്രതിപക്ഷ നേതാവ് പറഞ്ഞു.
എല്ലാ സ്കൂളുകളിലും കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണം. കുട്ടികളുടെ പ്രശ്നങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന രീതിയിലേക്ക് അധ്യാപനവും മാറണം. പി.ടി.എ. യോഗങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പുവരുത്തണം. സാധാരണക്കാരയ കുട്ടികളും പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതലായുള്ള വിദ്യാലയങ്ങളില്‍ സർക്കാരിന്റെ പ്രത്യേക ശ്രദ്ധവേണം. കൗണ്‍സിലിങ്ങിനൊപ്പം മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും മെഡിക്കല്‍ ക്യാമ്പുകളും ഉറപ്പാക്കണമെന്നും സതീശൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്മുടെ കുഞ്ഞുമക്കള്‍ വീടുകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം നിയമസംവിധാനങ്ങള്‍ക്കൊപ്പം ഓരോ പൗരനുമുണ്ട്. ഇതിനായി ബോധവത്ക്കരണവും നടത്തേണ്ടതുണ്ട്. പത്തനംതിട്ടയിലെ കുട്ടിക്ക് ഉണ്ടായ ദുരനുഭവം ഇനി നമ്മുടെ നാട്ടിലെ ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമ്ബോഴാണ് നമ്മുടെ സംവിധാനങ്ങള്‍ എല്ലാം ഫലപ്രദമാകുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.



