പത്തനംതിട്ട റാന്നിയിൽ രോഗിയോട് കൈക്കൂലി വാങ്ങി; ഡോക്ടർക്കു സസ്പെൻഷൻ
റാന്നി: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട രോഗിയായ വനിതയോട് കൈക്കൂലി വാങ്ങിയ റാന്നി താലൂക്ക് ഹോസ്പിറ്റലില്‍ അനസ്തേഷ്യ ഡോ ചാര്‍ളി ചാക്കോയെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയില്‍നിന്ന് കൈക്കൂലി വാങ്ങിയത്. യുവതി ഹെര്‍ണിയ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയില്‍ എത്തിയത്.
ഓപറേഷന്‍ ഡേറ്റ് നല്‍കുന്നതിന് ഭര്‍ത്താവില്‍നിന്ന് ഡോക്ടര്‍ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ തുക നല്‍കാന്‍ കഴിയാത്തതിനാല്‍ നിരവധിതവണ ഓപറേഷന്‍ മാറ്റിവെച്ചു. തുടര്‍ന്ന് കൂലിപ്പണിക്കാരനായ ഭര്‍ത്താവ് 2000 രൂപ ഡോക്ടര്‍ക്ക് നല്‍കിയശേഷമാണ് തീയതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിവരം ശ്രദ്ധയില്‍പ്പെട്ട പ്രമോദ് നാരായണന്‍ എം.എല്‍.എ നടപടി ആവശ്യപ്പെട്ട് മന്ത്രി വീണ ജോര്‍ജിന് കത്ത് നല്‍കി. തുടര്‍ന്ന് വകുപ്പ്തല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു. മേടിച്ച കൈക്കൂലിയായ തുക മടക്കിനല്‍കിയും പരാതി പിന്‍വലിപ്പിച്ചും കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഡോക്ടര്‍ ശ്രമിച്ചിരുന്നു.
യുവതിയുടെ കുടുംബം പരാതിയില്‍ ഉറച്ചുനിന്നു. വകുപ്പുതല അന്വേഷണ നടപടി നീണ്ടുപോവുകയും ഡോക്ടര്‍ ആഗസ്റ്റ് 14ന് ജോലിയില്‍ തിരികെപ്രവേശിക്കുകയും ചെയ്തു. തിരികെ ജോലിയില്‍ പ്രവേശിച്ച ഡോക്ടര്‍ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതായും പറയുന്നു