
സ്വന്തം ലേഖകൻ
പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. സി പി എം പഞ്ചായത്ത് അംഗങ്ങളാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ് ആരോപണം. സിപിഎമ്മിന്റെ വനിതാ പ്രവർത്തകരാണ് കയ്യേറ്റം ചെയ്തെന്നാണ് പരാതി.
സൗമ്യയുടെ മുടിയിൽ പിടിച്ച് വലിച്ചതായും പറയുന്നു. സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാൻ, ഷിജു പി.കുരുവിള, ലോക്കൽ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു കയ്യേറ്റം നടന്നതെന്ന് സൗമ്യ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൽഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വർഷത്തെ കാലാവധിയാണ് പാർട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. എന്നാൽ ഇതിനുശഷവും രാജിവയ്ക്കാത്തതിനെ തുടർന്ന എൽഡിഎഫ് അംഗങ്ങൾ തന്നെ ഇവർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഈ അവിശ്വസപ്രമേയം ക്വാറം തികയാത്തതിനാൽ കഴിഞ്ഞദിവസം ചർച്ചയ്ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു.
ഇതേ തുടർന്ന് ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ജീപ്പും കുറച്ചാളുകൾ തല്ലി തകർത്തിരുന്നു. തുടർന്നാണ് ഇന്ന് സൗമ്യയ്ക്കെതിരെ ആക്രമണം ഉണ്ടാകുന്നത്.
അവിശ്വാസം കൊണ്ടുവന്നതിനെ തുടർന്ന് കോൺഗ്രസിനൊപ്പം ചേർന്നതിനാൽ എൽഡിഎഫ് അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൗമ്യ ആരോപിക്കുന്നത്.




