
സ്വന്തം ലേഖിക
പത്തനംതിട്ട: ആങ്ങമൂഴിയില്‍ നിന്ന് പത്താം ക്ലാസുകാരിയുമായി സ്വകാര്യ ബസ് ഡ്രൈവര്‍ ഒളിച്ചോടിയത് കടം വാങ്ങിയ 500 രൂപയുമായി.
ആലപ്പുഴ, ചേര്‍ത്തല, ഏറ്റുമാനൂര്‍ വഴി കോട്ടയം മെഡിക്കല്‍ കോളജിനു സമീപമുള്ള ലോഡ്ജിലെത്തി വിശ്രമിക്കുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞു. എങ്കിലും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിക്ക് ശിക്ഷ അനുഭവിക്കേണ്ടി വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവേ മരിയ എന്ന സ്വകാര്യ ബസ് ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ സ്വദേശി കെ.ആര്‍. ഷിബു (33) ആണ് ആങ്ങമൂഴി വാലുപാറ സ്വദേശിയായ പതിനഞ്ചുകാരിയുമായി നാടുവിട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെ ഉറങ്ങിക്കിടന്ന മാതാവിനെ വെട്ടിച്ചാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഉറക്കമുണര്‍ന്ന മാതാവ് പെണ്‍കുട്ടി അവസാനം വിളിച്ച നമ്പരിലേക്കു വിളിച്ചപ്പോള്‍ എടുത്തത് ഷിബിനാണ്. കുട്ടി തനിക്കൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ഒന്ന് ഉപദേശിച്ച് രാവിലെ തന്നെ തിരികെ എത്തിക്കാമെന്നും അയാള്‍ പറഞ്ഞു.
പല തവണ മാതാവ് ഷിബിനെ വിളിച്ചിരുന്നു. ഇതു കാരണം മൂഴിയാര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാനും വൈകി. ഇതിനോടകം ഷിബിന്‍ പെണ്‍കുട്ടിയുമായി നേരെ ആലപ്പുഴയ്ക്കു പോയി. ഇയാളുടെ കൈവശം ഒരു സുഹൃത്തില്‍ നിന്നും വാങ്ങിയ 500 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അതുമായിട്ടായിരുന്നു യാത്ര. പോകുന്ന വഴി സിംകാര്‍ഡ് നശിപ്പിച്ചു കളഞ്ഞു.
ആലപ്പുഴയില്‍ നിന്നും നേരെ ചേര്‍ത്തലയിലെത്തി. കുട്ടിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ അവിടെ ഒരു ജുവലറിയില്‍ വിറ്റു. 3500 രൂപ കിട്ടി. പുതിയ ഡ്രസുമൊക്കെ വാങ്ങി അവിടെ നിന്ന് കോട്ടയത്തിന് പുറപ്പെട്ടു. ആദ്യം ഏറ്റുമാനൂരിലൊക്കെ കറങ്ങി പിന്നീടാണ് കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിലെത്തിയത്. ഇതിന് തൊട്ടടുത്ത ലോഡ്ജില്‍ ഇരുവരും റൂമെടുത്തു.
ഇതിനോടകം ഇരുവര്‍ക്കുമെതിരെയുള്ള ലുക്കൗട്ട് നോട്ടീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
കുട്ടിയെയും ഷിബിനെയും കണ്ട് സംശയം തോന്നിയ രണ്ടു വനിതകളാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഇതിനോടകം മൂഴിയാര്‍ ഇന്‍സ്‌പെക്ടര്‍ കെഎസ് ഗോപകുമാര്‍, എസ്‌ഐ കിരണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷിബിനും കുട്ടിയും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളില്‍ വിവരം അറിയിച്ചു. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പ്രചരിപ്പിക്കുകയും പോലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തിര സന്ദേശം എത്തിക്കുകയും ഹോട്ടലുകള്‍ ലോഡ്ജുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു.
എന്തായാലും ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മൂഴിയാര്‍ പൊലീസ് കോട്ടയത്ത് ചെന്ന് ഇരുവരെയും ഏറ്റു വാങ്ങി.
രാത്രി വൈകി പത്തനംതിട്ടയിലെത്തിച്ച കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം മാതാവിനൊപ്പം കോഴഞ്ചേരിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. കാമുകനെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷിബിന്‍ തന്റെ ശരീരത്ത് തൊട്ടിട്ടില്ലെന്നാണത്രേ പെണ്‍കുട്ടിയുടെ മൊഴി. ഈ മൊഴി അനുസരിച്ച് ഷിബിനെതിരേ പോക്‌സോ കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.