പതിനെട്ട് വയസ് തികഞ്ഞെന്ന കാരണത്താൽ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ട സംഭവത്തിൽ വഴിത്തിരിവ്; ഇറക്കിവിട്ടതല്ലെന്നും ഇറങ്ങിപോയതാണെന്നും പിതാവ്; ബിസിനസ് ചെയ്യാന്‍ പണം വേണമെന്ന് അഖില്‍ ആവശ്യപ്പെട്ടതായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ പണം നല്‍കാനാവില്ലെന്ന് പറഞ്ഞതിനാല്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നെന്നും പിതാവ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: 18 വയസ് തികഞ്ഞെന്ന കാരണത്താല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്.
വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതല്ലെന്നും സ്വയം ഇറങ്ങിപ്പോയതാണെന്നും പിതാവും നാട്ടുകാരും വെളിപ്പെടുത്തി. അടൂര്‍ ഏനാത്ത് സ്വദേശിയും അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ അഖിലാണ് വീട്ടുകാര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി അഖില്‍ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, 18 വയസ് തികഞ്ഞതിനെ തുടര്‍ന്ന് ബിസിനസ് ചെയ്യാന്‍ തന്റെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായുള്ള 12 ലക്ഷം രൂപ വേണമെന്ന് അഖിലില്‍ ആവശ്യപ്പെട്ടതായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ പണം നല്‍കാനാവില്ലെന്ന് പറഞ്ഞതിനാല്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നും പിതാവ് തിലകന്‍ വ്യക്തമാക്കി. വിലകൂടിയ ബൈക്ക് വേണമെന്നും, ടുറിസ്റ്റ് ബസ്, ടിപ്പര്‍ മുതലായവ വാങ്ങണമെന്നും അഖില്‍ ആവശ്യപ്പെട്ടതായി പിതാവ് പറയുന്നു.
തെറ്റുകള്‍ കാണുമ്പോള്‍ വഴക്ക് പറയാറുണ്ടെന്നും, അതെല്ലാം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. ഇതുവരെ അഖിലിന്റെ വിദ്യാഭ്യാസ ചിലവുകള്‍ വഹിച്ചത് താനാണെന്നും, കഴിഞ്ഞ രണ്ടു വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുള്ളപ്പോള്‍ അദ്ധ്യാപകര്‍ എങ്ങനെയാണ് ചിലവ് വഹിക്കുന്നതെന്നും പിതാവ് ചോദിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസിനായി 18000 രൂപ വിലവരുന്ന മൊബൈല്‍ വാങ്ങി നല്‍കിയതായും പിതാവ് വ്യക്തമാക്കി.
തന്നെയും ഭാര്യയെയും സ്വസ്ഥമായി ജീവിക്കാന്‍ വിടില്ലെന്നും സമൂഹത്തില്‍ നാണം കെടുത്തുമെന്നും പറഞ്ഞിട്ടാണ് മകന്‍ പോയതെന്നും അഖിലിന്റെ പരാതി വ്യാജമാണെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് പോലീസ് സംഭവത്തില്‍ ഇടപെടാത്തതെന്നും പിതാവ് പറഞ്ഞു. പോലീസ് നിര്‍ദ്ദേശപ്രകാരം സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ മകന് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. മകന് നല്ലൊരു ഭാവിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും, തിരിച്ചെത്തിയാല്‍ സ്വീകരിക്കുമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
അഖിലിന്റെ പരാതി വ്യാജമാണെന്നും, കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പണം കൈക്കലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് ശേഷം വിദ്യാര്‍ത്ഥി സ്വയം വീടുവിട്ട് പോയതാണെന്നും മാതാപിതാക്കളെ ധിക്കരിച്ച് സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ജീവിതമാണ് അഖിലിന്റേതെന്നും നാട്ടുകാര്‍ പറഞ്ഞു.