പത്തനംതിട്ട ചിറ്റാര്‍ മണിയാര്‍ കാട്ടിനുള്ളില്‍ രണ്ട് മാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം; സമീപത്ത് നിന്ന് വസ്ത്രങ്ങളുടെ ഭാഗങ്ങൾ വാച്ച്, കണ്ണട എന്നിവ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖിക
പത്തനംതിട്ട: ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്ള മണിയാര്‍ കാട്ടിനുള്ളില്‍ നിന്ന് രണ്ടുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി.
വനത്തിനുള്ളില്‍ പെട്രോളിങ് നടത്തിയ ഫോറസ്റ്റ് വാച്ചര്‍ മാരാണ് കാട്ടിനുള്ളിലെ തോട്ടിന് സമീപം അസ്തികൂടം കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ നടത്തി തെളിവുകള്‍ സ്വീകരിച്ച ശേഷം അസ്ഥികൂടം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മണിയാറിലെ വനത്തിനുള്ളില്‍ അസ്ഥികൂടം കിടക്കുന്നതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. വനത്തിലൂടെ പരിശോധനകള്‍ക്കായി ഇറങ്ങിയ ഫോറസ്റ്റ് വാച്ചര്‍ മാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ചിറ്റാര്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പാറപ്പുറത്ത് കിടക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്.
ഇതിനടുത്തുനിന്ന് മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളുടെ ഭാഗങ്ങളും വാച്ച്, കണ്ണട എന്നിവയും കണ്ടെത്തി.
അസ്ഥികൂടത്തിന് സമീപത്തുണ്ടായിരുന്ന ബാഗിനുള്ളില്‍ നിന്ന് മരുന്നുകളും ചില പേപ്പറുകളും , ഒരു സിം കാര്‍ഡും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘത്തെ കൊണ്ടുവന്ന ശാസ്ത്രീയ പരിശോധനകള്‍ നടത്തിയ ശേഷം അസ്ഥികൂടം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
സമീപത്തെ സ്റ്റേഷനുകളില്‍ അടക്കം മാന്‍ മിസ്സിംഗ് കേസുകളില്‍ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു. കൊലപാതക സാധ്യതകള്‍ അടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.