പത്തനംതിട്ടയിൽ കനത്ത മഴ…! മൂന്നിടത്ത് ഉരുള്‍പൊട്ടല്‍; ജില്ലാ ആസ്ഥാനം വെള്ളത്തില്‍ മുങ്ങി; വയോധികയെ വെള്ളത്തില്‍ കാണാതായെന്ന് സംശയം; തിരുവല്ല-കുമ്പഴ റോഡിലെ വെള്ളപ്പാച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടു; നടന്നത് മേഘവിസ്ഫോടനം? കനത്ത മഴ തുടരുന്നു; ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴ. മൂന്നിടത്ത് ഉരുള്‍പൊട്ടി.
വയോധിക ഒഴുക്കില്‍പ്പെട്ട് കാണാതായതായി സംശയിക്കുന്നു.
ജില്ലാ ആസ്ഥാനം വെള്ളത്തില്‍ മുങ്ങി. ഉച്ച കഴിഞ്ഞ് രണ്ടിന് തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുന്നു.
മേഘവിസ്ഫോടനം സംശയിക്കുന്നു. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിയും മിന്നലുമായി രണ്ടരയോടെ തുടങ്ങിയ മഴ അതിവേഗം ശക്തി പ്രാപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മഴയെ തുടര്‍ന്ന് ചുരുളിക്കോട് ഉരുള്‍പൊട്ടിയെന്ന് സംശയം. തിരുവല്ല-കുമ്പഴ റോഡിലൂടെ വൈകിട്ട് നാലു മണിയോടെയാണ് മലവെള്ളം പാഞ്ഞെത്തിയത്. അതിശക്തമായ വെള്ളപ്പാച്ചിലില്‍ ഗതാഗതം തടസപ്പെട്ടു.
ചുരുളിക്കോടുള്ള ടാറ്റാ മോട്ടോഴ്സിന്റെ സമീപത്താണ് മലവെള്ളം ഇരമ്പിയെത്തിയത്. ഇതോടെ റോഡു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. അതിശക്തമായ വെള്ളപ്പാച്ചിലില്‍ ഇരുചക്രവാഹനങ്ങള്‍ അടക്കം റോഡിലൂടെ കടന്നു പോകാൻ ബുദ്ധിമുട്ടി.
വിവരമറിഞ്ഞെത്തിയ ട്രാഫിക് എസ്‌ഐ അജി സാമുവലിന്റെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു. ഫയര്‍ഫോഴ്സിനെയും അദ്ദേഹം വിളിച്ചു വരുത്തിയിരുന്നു. സമീപത്തെ ഉയര്‍ന്ന പ്രദേശത്തു നിന്നുമാണ് വെള്ളപ്പാച്ചില്‍ ഉണ്ടായത്. അരമണിക്കുറോളം ഗതാഗതം തടസപ്പെട്ടിരുന്നു.
പൊലീസ് നിയന്ത്രിച്ച് വാഹനങ്ങള്‍ കടത്തി വിട്ടതോടെയാണ് ഗതാഗത കുരുക്ക് അഴിഞ്ഞത്. രാത്രിയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള അന്തരീക്ഷത്തിലേക്ക് മഴ പൊട്ടി വീണത് പെട്ടെന്നായിരുന്നു. മേഘവിസ്ഫോടനം പോലെ മഴ ഇരമ്ബിയാര്‍ത്ത് പെയ്തു.
മിനുട്ടുകള്‍ക്കകം വെള്ളം കുത്തിയൊലിച്ചെത്തി. റോഡുകളിലും കടകളിലും വെള്ളം കയറി. റോഡുകളില്‍ തോടു പോലെ ശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ടായി.
വ്യാപാര സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പിലും വെള്ളം കയറി. സെൻട്രല്‍ ജങ്ഷൻസ്റ്റേഡിയം ജങ്ഷൻ റോഡിലെ വ്യാപാര കേന്ദ്രങ്ങളിലാണ് വെള്ളം കയറിയത്. മുട്ടറ്റം വരെ കയറിയ വെള്ളം ബക്കറ്റുപയോഗിച്ച് കോരിക്കളയാൻ കടക്കാര്‍ നന്നേ പ്രയാസപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അവിടേക്കെല്ലാം വെള്ളം ഇരച്ചു കയറി. പത്തനംതിട്ട കെഎസ്‌ആര്‍ടിസി ഗാരേജില്‍ വെള്ളം കയറി. ഇവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ വെള്ളം കയറി നശിച്ചു.