
പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; വീട് പൂര്‍ണമായും അടിച്ചു തകര്‍ത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ട ഏനാദിമംഗലത്ത് കാപ്പാ കേസ് പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ അമ്മ കൊല്ലപ്പെട്ടു.
ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ അമ്മ സുജാതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. കമ്പികൊണ്ടുള്ള അടിയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ സുജാതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇരുപതോളം ആളുകളടങ്ങിയ സംഘം സൂര്യലാലിന്റെ വീട് ആക്രമിച്ചത്. വീട് പൂര്‍ണമായും അടിച്ചു തകര്‍ക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു സുജാത. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുജാതയുടെ തലയ്ക്കും മുഖത്തും അടി കിട്ടിയത്.
ആഴത്തില്‍ മുറിവേറ്റ സുജാതയെ സൂര്യ ലാലിന്റെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
ശനിയാഴ്ച രാത്രിയില്‍ സൂര്യലാലും സഹോദരന്‍ ചന്ദ്രലാലും അടങ്ങുന്ന സംഘം ഏനാദിമംഗലത്തെ കുറുമ്പക്കര മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടിരുന്നു. മണ്ണെടുത്ത ആള്‍ക്ക് വേണ്ടി സൂര്യ ലാലും ചന്ദ്രലാലും മറുഭാഗത്തെ അക്രമിച്ചു. ഇവരുടെ പട്ടിയെ കൊണ്ട് പോയി ചിലരെ കടിപ്പിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് വീട് ആക്രമിച്ചതിന്റെ പിന്നിലെന്നാണ് പൊലീസ് നിഗമനം. ശനിയാഴ്ച സൂര്യ ലാലുമായി സംഘര്‍ഷമുണ്ടായവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഒപ്പം സുജാതയുടെ മക്കളുമായി വൈരാഗ്യമുളള ചില ക്വട്ടേഷന്‍ സംഘങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
കൊല്ലപ്പെട്ട സുജാതയും നിരവധി ക്രിമിനല്‍ കേളുകളില്‍ പ്രതിയാണ്. ചാരായം വാറ്റ്, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളില്‍ സുജാത ജയിലില്‍ കിടന്നിട്ടുണ്ട്. ഇവരുടെ ഇളയ മകന്‍ ചന്ദ്രലാല്‍ പോക്സോ കേസിലും പ്രതിയാണ്.
സുജാതയുടെ വീടിനു നേരെ മുൻപ് പല തവണ ആക്രമണം ഉണ്ടായിട്ടുണ്ട്. സഹോദരങ്ങള്‍ തമ്മിലും സംഘര്‍ഷം പരിവായിരുന്നുവെന്നും അയല്‍വാസികള്‍ വിശദീകരിച്ചു.