സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം; പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്തില്‍ കണ്ണുകള്‍ ദാനം ചെയ്യാൻ എല്ലാ അംഗങ്ങളും സമ്മതപത്രം നല്‍കി
പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്തില്‍ എല്ലാ അംഗങ്ങളും കണ്ണുകള്‍ ദാനം ചെയ്യാൻ സമ്മതപത്രം നല്‍കി.
ഇതോടെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമമായി മാറുകയാണ് വെച്ചൂച്ചിറ പഞ്ചായത്ത്. സംവിധായകൻ ബ്ലസി ചെയര്‍മാനായ കാഴ്ച നേത്രദാന സംഘടനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
2010 സെപ്റ്റംബറിലാണ് റാന്നി സ്വദേശി രത്നമ്മ മരിച്ചത്. മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്തിരുന്നു. രണ്ട് പേര്‍ക്ക് വെളിച്ചമേകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഴ്ച നേത്രദാന സംഘടനയിലെ അംഗമായ സഹോദരൻ സുരേഷിന്‍റേതായിരുന്നു തീരുമാനം. ഇതിൻ്റെ ചുവടുപിടിച്ച് കാഴ്ചയുടെ നേതൃത്വത്തില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് വെളിച്ചമേകാൻ ഒരുങ്ങുകയാണ് വെച്ചൂച്ചിറ ഗ്രാമം.
നേത്രദാന സമ്മപത്രം നല്‍കി ജനപ്രതിനിധികള്‍ തന്നെ പദ്ധതിക്ക് തുടക്കമിട്ടു. പഞ്ചായത്ത് പ്രസിഡന്‍റും മെമ്പര്‍മാരും സമ്മപത്രം നല്‍കി.
നേത്രദാനത്തിൻ്റെ ഭാഗമായി കുടുംബശ്രീ, വായനശാലകള്‍, ക്ലബുകള്‍ എന്നിവരുമായി ചേര്‍ന്ന് വീടുവീടാന്തരം കയറി ബോധവത്കരണം നടത്തും. ആളുകളില്‍ നിന്ന് നേത്രദാന സമ്മതപത്രം വാങ്ങും. സര്‍ക്കാര്‍ പിന്തുണയോടെയാണ് കാഴ്ച നേത്രദാന സംഘടന പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 24 പേര്‍ക്ക് കാഴ്ചയേകാൻ സംഘടനയ്ക്ക് കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.