
വായ്പാ കുടിശികക്കാരുടെ പേരുകൾ ഫ്ലക്സ് ബോർഡിൽ പ്രദർശിപ്പിച്ച് പത്തനംതിട്ട ഇലന്തൂർ പരിയാരം സർവീസ് സഹകരണ ബാങ്ക്; സിപിഎം ഒറ്റയ്ക്ക് ഭരിക്കുന്ന ബാങ്കിൽ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; സമൂഹ മാധ്യമങ്ങളിലടക്കം ശക്തമായ എതിർപ്പ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: വായ്പാ കുടിശികക്കാരുടെ പേരുകൾ ഫ്ലക്സ് ബോർഡിൽ പൊതുനിരത്തിൽ പ്രദർശിപ്പിച്ചത് വിവാദത്തിൽ. പത്തനംതിട്ടയിലെ ഇലന്തൂർ പരിയാരം സർവീസ് സഹകരണ ബാങ്ക് ആണ് വായ്‌പാ തിരിച്ചടവ് മുടങ്ങിയവരുടെ വിശദാംശങ്ങൾ ഫ്ലക്സ് ബോർഡിലാക്കി ജംഗ്ഷനുകളിൽ സ്ഥാപിച്ചത്.
സമൂഹ മാധ്യമങ്ങളിലടക്കം ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്കകം ബാങ്ക് അധികൃതർ ബോർഡുകൾ നീക്കം ചെയ്യുകയായിരുന്നു. വായ്പ്പക്കാരെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഇലന്തൂർ പരിയാരം സർവീസ് സഹകരണ ബാങ്ക് അധികൃതർ നടത്തിയ നീക്കമാണ് വിവാദത്തിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായ്പാ കുടിശിക വരുത്തിയവരുടെ പേരും വിലാസവും ഈടാക്കാനുള്ള തുകയും ജാമ്യ വിവരങ്ങളുമടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ഫ്ലക്സ് ബോർഡുകൾ ബാങ്കിൻ്റെ പരിധിയിൽ വരുന്ന ആറോളം കവലകളിൽ സ്ഥാപിക്കുകയായിരുന്നു.
എൽഡിഎഫ് മുന്നണി അല്ലാതെ, സിപിഎം ഒറ്റയ്ക്ക് ഭരിക്കുന്ന പരിയാരം സർവീസ് സഹകരണ ബാങ്ക് അധികൃതരുടെ നടപടിയിൽ, പാർട്ടിക്കുള്ളിൽനിന്നു തന്നെ ശക്തമായ വിമർശനങ്ങൾ ഉയർന്നതോടെ നീക്കം ചെയ്യുകയായിരുന്നു. എന്നാൽ സഹകരണ നിയമം അനുശാസിക്കും വിധമാണ് കവലകളിൽ പരസ്യ ബോർഡുകൾ വെച്ചതെന്നും ഇതിന് അനുമതി ലഭിച്ചിരുന്നതായുമാണ് ബാങ്കിന്റെ പക്ഷം.