
പത്തനംതിട്ട: പത്തനംതിട്ട കീഴ്വായ്പൂരിൽ 61 കാരിയെ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ തീകൊളുത്തി കൊലപ്പെടുത്താന് ശ്രമിച്ചെന്ന കേസില്‍ ഏറെ ദുരൂഹതയെന്ന് പൊലീസ്. വീട്ടമ്മയുടെ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍ തീപിടിത്തം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലേയും ഫോറന്‍സിക് വകുപ്പിലേയും ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തി. അതേസമയം, പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുമയ്യയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 35 ശതമാനം പൊള്ളലേറ്റ ലത കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ടാണ് കീഴ്വായ്പൂരിൽ 61 കാരിയായ ലതക്ക് വീട്ടിനുള്ളില്‍ വെച്ച് പൊള്ളലേറ്റത്. സമീപത്തെ പൊലീസ് ക്വാട്ടേഴ്സിൽ താമസിക്കുന്ന സിവില്‍ പൊലീസ് ഓഫീസറുടെ ഭാര്യ സുമയ്യ തീകൊളുത്തിയെന്നാണ് പരാതി. വീട്ടില്‍ അതിക്രമിച്ചു കയറിയ സുമയ്യ സ്വർണാഭരണങ്ങൾ ചോദിച്ചിട്ട് നൽകാത്തതിലൂള്ള വിരോധത്തിൽ തീ കൊളുത്തി എന്നാണ് മൊഴി. കയ്യുംകാലും കെട്ടിയിട്ട ശേഷം സുമയ്യ മാലയും വളകളും കൈക്കലാക്കി എന്ന് ലത പറയുന്നു.
തൊട്ടുപിന്നാലെ സുമയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കുഞ്ഞുങ്ങള്‍ ഉള്ളതിനാല്‍ സുമയ്യയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ ദുരൂഹത ഏറെയുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ലത പുറത്തേക്കിറങ്ങി ബഹളം വെച്ചപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. കയ്യുംകാലും കെട്ടിയിട്ടെങ്കില്‍ ലത എങ്ങനെയാണ് പുറത്തിറങ്ങിയത് എന്നാണ് പൊലീസിന്‍റെ സംശയം. ഒരു മുറി പൂര്‍ണമായി കത്തിയിട്ടുണ്ട്. പക്ഷെ എങ്ങിനെ തീ കൊളുത്തി എന്ന് ലത കൃത്യമായ പറയുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മാലയും രണ്ട് വളകളും കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് തീപിടിത്തം എങ്ങിനെ ഉണ്ടായി എന്ന് കണ്ടെത്താന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലേയും ഫോറന്‍സിക് വകുപ്പിലേയും ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തിയത്. ഇക്കാര്യത്തില്‍ വ്യക്തത വന്ന ശേഷമേ തുടര്‍നടപടി സ്വീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു. 35 ശതമാനം പൊള്ളലേറ്റ ലത കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.