
തിരുവല്ലയിൽ മകന്റെ ദേഹത്തേക്ക് ഡീസൽ ഒഴിച്ച് അച്ഛൻ ; ഭാര്യയേയും മകനെയും കൊല്ലുമെന്ന് ഭീഷണി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
പത്തനംതിട്ട: കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം ഭാര്യയെ പീഡിപ്പിക്കുകയും 12 കാരനായ മകന്റെ ദേഹത്തേക്ക് ഡീസൽ ഒഴിക്കുകയും, യുവതിയെയും കുട്ടിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഒരാൾ അറസ്റ്റിൽ.
തിരുവല്ല പൊലീസാണ് പ്രതിയെ പിടികൂടിയത്. കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയിൽ വീട്ടിൽ വിനോദ് (44) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ കൊച്ചാലുംമൂട് അഴയാനിക്കൽ ആര്യാ രാജനാണ് പൊലീസിൽ പരാതി നൽകിയത്.
ഇരുവരും 2010 മുതൽ ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞുവരികയാണ്. കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു തുടങ്ങിയപ്പോൾ ആര്യ സ്ഥലം മാറി താമസിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകനെയും കൂട്ടി ഇരവിപേരൂർ നെല്ലിമല അഴയനിക്കൽ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രി 9.30 ന് വീടിന് സിറ്റൗട്ടിൽ നിന്ന യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം മകന്റെ ദേഹത്തും സിറ്റൗട്ടിലും ഡീസൽ ഒഴിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പൊലീസ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിമാക്കി.
പൊലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ മേൽനോട്ടത്തിൽ എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം കാക്കനാട് കല്ലറപ്പടിയിൽ നിന്നും ഇന്നലെ രാത്രി പത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ നിരന്തര പീഡനം കാരണം മകനെയും കൂട്ടി കുടുംബവീട്ടിൽ പോയതിലുള്ള വിരോധത്താലാണ് ഇയാൾ വീട്ടിലെത്തി ആക്രമണം നടത്തിയത്.
അകന്നുകഴിഞ്ഞ കാലയളവിൽ യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, അത്തരത്തിലുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്തു വന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. മറ്റ് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ് സി പി ഓ സുശീൽ, സി പി ഓമാരായ അവിനാഷ് വിനായകൻ, ടോജോ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.