പത്തനംതിട്ടയിൽ കാറിനെ മറികടക്കുന്നതിനിടെ പാറ കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ടു തല കീഴായി സ്കൂട്ടറിന് മുകളിലേക്കു മറിഞ്ഞു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
പത്തനംതിട്ട: കാറിനെ മറി കടക്കുന്നതിനിടെ പാറ കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ടു തല കീഴായി സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു. സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.
പ്രക്കാനം തോട്ടുപുറം കള്ളിമല ചിറക്കടവിൽ പി.എസ്. സാമുവൽ (65) ആണ് മരിച്ചത്. ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി കോട്ടയം ജില്ലാ ആശുപത്രിക്കു സമീപം വച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട-ഓമല്ലൂർ റോഡിൽ പുത്തൻപീടിക കുളം ജങ്ഷനിലാണ് അപകടം നടന്നത്. പത്തനംതിട്ട ഭാഗത്തേക്ക് ലോഡു കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിന് മുകളിലേക്ക് തല കീഴായി മറിഞ്ഞത്. മുന്നിൽ പോയ കാർ മറിക്കടക്കവേയാണ് അപകടം. പാറക്കല്ലുകൾ വീണ് സ്‌കൂട്ടർ തവിടു പൊടിയായി. സാമുവൽ പാറയ്ക്ക് അടിയിൽപ്പെട്ടു. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. ഇടിയുടെ ആഘാതത്തിൽ ഓടയും തകർന്നു. പത്തനംതിട്ട-ഓമല്ലൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഷട്ടർ മുക്ക്, പുത്തൻപീടിക, ഓമല്ലൂർ കുരിശടി ജങ്ഷൻ, സന്തോഷ് മുക്ക് എന്നിവിടങ്ങളിൽ നിന്ന് വാഹനഗതാഗതം വഴി തിരിച്ചു വിട്ടു. സ്‌കൂട്ടർ യാത്രക്കാരൻ സാമുവൽ തൂക്കുപാലത്തിന് സമീപം തട്ടുകട നടത്തുകയായിരുന്നു. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജിജു, സജു. മരുമക്കൾ: ജിനു, അനു.