പട്ടാപ്പകൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയതായിപരാതി: ഇന്നുച്ചയ്ക്കാണ് സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു: ആന്ധ്ര സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്ന് സംശയം.

Spread the love

കാസർകോട്: നഗരമധ്യത്തില്‍ പട്ടാപകല്‍ ഹോട്ടല്‍ പരിസരത്ത് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയതായി പരാതി.
ബുധനാഴ്ച (17.12.2025) ഉച്ചയ്ക്ക് 12 മണിയോടെ കറന്തക്കാട്ടെ ഉഡുപ്പി ഹോട്ടലിന് മുന്നിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ആന്ധ്ര സ്വദേശികളാണെന്ന സംശയത്തിലാണ് പൊലീസ്.

video
play-sharp-fill

ആന്ധ്ര രജിസ്‌ട്രേഷനിലുള്ള എ പി 40 ഇ യു 1277 നമ്ബർ കാറിലാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയതെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവ് ആരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഹോട്ടല്‍ പരിസരത്ത് നടന്ന അസ്വാഭാവികമായ ഈ സംഭവം കണ്ട ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മാസ്ക് ധരിച്ച്‌ ഹോട്ടല്‍ പരിസരത്ത് നിന്നിരുന്ന യുവാവിനരികിലേക്ക് പെട്ടെന്ന് ഒരു സംഘം എത്തുകയും ഇയാളെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോവുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിൻ്റെ കോളറില്‍ പിടിച്ച്‌ വലിച്ചിഴച്ച്‌ മേല്‍പ്പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറില്‍ തള്ളിക്കയറ്റി കടത്തിക്കൊണ്ടുപോയതായാണ് പൊലീസിന് ലഭിച്ച മൊഴി. വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച്‌ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

യുവാവിനെ തട്ടിക്കൊണ്ടുപോയ കാർ തലപ്പാടി അതിർത്തി കടന്ന് കർണാടക ഭാഗത്തേക്ക് പോയതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അജ്ഞാതനായ യുവാവിനെ എന്തിനാണ് കടത്തിക്കൊണ്ടുപോയതെന്ന കാര്യം നിഗൂഢമായി തുടരുകയാണ്. സംഭവത്തില്‍ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.