പശുവിനെ വാങ്ങാൻ സന്യാസിയ്‌ക്കൊപ്പം പോയ വിക്രമനെ വിഷം കുത്തി വച്ച് കൊന്നതോ..? മുറിയിൽ പൂട്ടിയിട്ട വിക്രമൻ രക്തം ഛർദിച്ചു; വിക്രമനെ കൊലപ്പെടുത്തിയതായി ആരോപിച്ച് ബന്ധുക്കൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പശുവിനെ വാങ്ങാൻ മധുരയിലേയ്ക്ക് പോയ ക്ഷീരകർഷകനെ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പാണ്ഡവൻപാറ അർച്ചനാ ഭവനത്തിൽ വിക്രമനെ(55)യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിങ്ങാലയിലുള്ള ആശ്രമത്തിലെ ഒരു സ്വാമി ഉത്തർപ്രദേശിലെ മധുരയിലുള്ള വൃന്ദാവൻ ആശ്രമത്തിലേക്കു വെച്ചൂർ പശുവിനെ വാങ്ങാനാണ് വിക്രമനെയും കൂട്ടി കഴിഞ്ഞ 16 ന് പോയതെന്നു ബന്ധുക്കൾ പറഞ്ഞു.

സ്വാമിക്കൊപ്പം കട്ടപ്പനയിലെത്തി വെച്ചൂർ പശുവിനെ വാങ്ങി കണ്ടെയ്നർ ലോറിയിൽ ഡൽഹിയിലേക്കു പോകുകയായിരുന്നു. വ്യാഴാഴ്ച മകൾ ഫോണിൽ വിളിച്ചപ്പോൾ തങ്ങൾ മധുരയിലുള്ള ആശ്രമത്തോട് അടുക്കാറായെന്നു പറഞ്ഞിരുന്നു. പിറ്റേദിവസം മകളെ ഫോണിൽ വിളിച്ച വിക്രമൻ, തന്നെ ഇവിടെ കൊണ്ടുവന്ന സമയം മുതൽ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അറിയിച്ചു. വെള്ളമോ ആഹാരമോ തരുന്നില്ലെന്നും ബാത്ത്റൂമിൽ പോകാൻ അനുവദിക്കില്ലെന്നും രക്തം ഛർദ്ദിച്ചിട്ടും ആശുപത്രിയിൽ കൊണ്ടുപോകുന്നില്ലെന്നും മലമൂത്ര വിസർജനത്തിനുള്ള സൗകര്യംപോലും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും മകളോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടും വിക്രമൻ വീട്ടുകാരെ ഫോണിൽ നിരന്തരം വിളിച്ചു പീഡന വിവരങ്ങൾ ധരിപ്പിച്ചു. അതേത്തുടർന്നു മകൻ അരുൺ ഞായറാഴ്ച ഡൽഹിയിലേക്കു പോയി. അവിടെയെത്തിയ അരുൺ ആശ്രമത്തിലെ അന്തേവാസികളുമായി ഫോണിൽ സംസാരിച്ചു. അവർ ആശ്രമത്തിലേക്ക് അരുണിനെ കൊണ്ടുപോകാതെ വിമാനത്താവളത്തിനു സമീപം താമസസൗകര്യം ഏർപ്പെടുത്തി. ഞായറാഴ്ച വെകിട്ട് അഞ്ചോടെ അരുണിനെ ഫോണിൽ വിളിച്ച് അച്ഛൻ മരിച്ചെന്ന് അവർ അറിയിച്ചു. എന്നാൽ, കാണാൻ സമ്മതിച്ചില്ല.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു വിമാനത്താവളത്തിലേക്കു വരികയാണെന്നും പറഞ്ഞു. ഞായറാഴ്ച രാത്രി വിമാനത്താവളത്തിനു സമീപമുള്ള വിജനമായ സ്ഥലത്ത് അരുണിനെ കൂട്ടിക്കൊണ്ടുപോയി, ട്രക്കിൽ കൊണ്ടുവന്ന മൃതദേഹത്തിന്റെ മുഖംമാത്രം കാണിച്ചു. അതിനുശേഷം മൃതദേഹത്തിൽ കുത്തിവയ്പ്പെടുത്തതായി അരുൺ പറഞ്ഞു. ആംബുലൻസിലാണ് മൃതദേഹം വിമാനത്താവളത്തിലെത്തിച്ചത്. വിമാനമാർഗം തിങ്കളാഴ്ച പുലർച്ചെ നാട്ടിലെത്തിച്ചു.

വിക്രമന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നു കാട്ടി മക്കളായ വിദ്യ, അരുൺ എന്നിവർ ഡിവൈ.എസ്.പിക്കു പരാതി നൽകി. പോലീസ് ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ഭാര്യ: രമ. മക്കൾ: അരുൺ, വിദ്യ. മരുമകൻ: പ്രസന്നകുമാർ.