
ന്യൂഡൽഹി: ‘ജീവനും കൊണ്ടോടിയതാണ്, കയ്യിൽ കിട്ടിയാൽ അവർ കൊന്നുകളയും, ഇനിയെങ്ങോട്ടു പോകുമെന്നറിയില്ല’– ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് ക്രൂര മർദനത്തിരയായ മലയാളി പാസ്റ്റർ ജോസ് തോമസ് വേദനയോടെ പറയുന്നു.
ഛത്തീസ്ഗഡിലെ കവർധയിൽ ഇന്ത്യൻ മിഷനറി മൂവ്മെന്റിന്റെ ഹോളി കിങ്ഡം ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂൾ ഡയറക്ടറാണു തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലം സ്വദേശി ജോസ് തോമസ്. 35 വർഷമായി സ്കൂളിന്റെ ചുമതലയും സഭാ പ്രവർത്തനങ്ങളുമായി അദ്ദേഹം ഛത്തീസ്ഗഡിലാണ്.
കഴിഞ്ഞ 18ന് ആണ് ഇന്ത്യൻ മിഷനറി മൂവ്മെന്റിന്റെ ആരാധനാലയത്തിൽ പ്രാർഥനയ്ക്കിടെ ബജ്‌രംഗ്ദൾ പ്രവർത്തകർ ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് ജോസ് തോമസ് പറയുന്നതിങ്ങനെ: ‘1999 ൽ സ്ഥാപിച്ച ഹോളി കിങ്ഡം ജില്ലയിലെ ആദ്യത്തെ ഇംഗ്ലിഷ് സ്കൂളാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രിൽ 28ന് ഒരു ബിജെപി നേതാവ് ബജ്‌രംഗ് നേതാക്കളുടെ മക്കളായ 2 വിദ്യാർഥികളുടെ ടിസി നൽകണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടു. കുട്ടികൾക്ക് 1.5 ലക്ഷത്തിലേറെ രൂപ ഫീസ് കുടിശികയുണ്ടെന്നും അതു നൽകിയാൽ ടിസി നൽകാമെന്നും പറഞ്ഞു.
പിന്നാലെ എസിപിയും എസ്പിയും വിളിച്ചു. ഫീസ് നൽകാതെ ടിസി നൽകാനാകില്ലെന്നു തീർത്തു പറഞ്ഞു. ഇതേത്തുടർന്നാണ് ആരാധാനാലയത്തിനു നേർക്ക് അക്രമണമുണ്ടായത്.
സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ പൊലീസിന്റെ മുന്നിലിട്ടു മർദിച്ചു. ഭാര്യയ്ക്കും മക്കൾക്കും മർദനമേറ്റു.
ജനവാസ കേന്ദ്രത്തിലുള്ള ആരാധനാലയം അടച്ചു പൂട്ടാമെന്നു രേഖാമൂലം എഴുതിനൽകണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചതോടെ 2 ദിവസത്തിന് ശേഷം മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ചതിനു പിന്നാലെ കോടതി വളപ്പിലിട്ടും മർദിച്ചു.
ഇനി കവർധയിലേക്ക് ചെന്നാൽ കൊല്ലുമെന്നാണു ഭീഷണി. ഭാര്യ ലിജി തോമസും 2 മക്കളും ഒപ്പമുണ്ട്. ഒരു മകൻ ഹൈദരാബാദിൽ പഠിക്കുന്നു. ഞങ്ങൾ ഇപ്പോൾ സുഹൃത്തുക്കളുടെ സഹായത്താൽ പലയിടത്തായി അഭയം തേടിയിരിക്കുകയാണ്.
പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റതിൽ പരാതി നൽകിയെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ല.
ഇമെയിൽ വഴി ജില്ലാ പൊലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. അതിനിടെ സ്കൂളിനെക്കുറിച്ചു പരാതിയുണ്ടെന്നും ഉടൻ പരിശോധന നടത്താനെത്തുമെന്നും ഡിഇ ഓഫിസ് അറിയിച്ചു. സ്കൂളിന്റെ ഭാവി തന്നെ അപകടത്തിലാണ്.’
2010ലും ആരാധനാലയത്തിനു നേർക്ക് ആക്രമണമുണ്ടായെന്നും ജോസ് തോമസ് പറഞ്ഞു.