‘അന്നത്തെ സംഭവം വലിയ ഞെട്ടൽ ഉണ്ടാക്കി, 16 പേരടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി സങ്കടം പങ്കുവെക്കുകയായിരുന്നുആദ്യം ചെയ്തത്; അവിടെ നിന്നാണ് ഒരു കൂട്ടായ്മ ഉണ്ടായത്’; ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സങ്കടം കലർന്ന സന്തോഷമാണ് ഉണ്ടായതെന്നും പാർവതി തിരുവോത്ത്

Spread the love

മാനന്തവാടി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സങ്കടം കലർന്ന സന്തോഷമാണ് ഉണ്ടായതെന്ന് നടി പാര്‍വതി തിരുവോത്ത്.

അമ്മ സംഘടനയില്‍ അംഗമായിരുന്നപ്പോള്‍ പല പ്രശ്നങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും ആഘോഷങ്ങള്‍ ഒക്കെ നടത്തി പോയാല്‍ പോരെയെന്ന മറുപടിയാണ് ലഭിച്ചത്. മുതി‍ർന്ന പുരുഷ താരങ്ങളിൽ ചില‍ർക്ക് പ്രോസ്ട്രേറ്റ് പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഷൂട്ടിങ് സ്ഥലത്ത് ശുചിമുറികള്‍ വേണമെന്ന ആവശ്യത്തിന് പിന്തുണ കിട്ടിയതെന്നും പാര്‍വതി വയനാട് ലിറ്റററി ഫെസ്റ്റിവലില്‍ പറഞ്ഞു.

അനീതിയെ കുറിച്ച് പറയുന്നത് ആളുകള്‍ വിശ്വസിച്ച് തുടങ്ങാൻ ഏഴ് വ‍ർഷത്തോളം എടുത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യുസിസി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ട് പുറത്ത് വന്നപ്പോള്‍ സങ്കടം കലർന്ന സന്തോഷമാണ് തോന്നിയതെന്ന് ‘അവള്‍ ചരിത്രമെഴുതുകാണ്’ എന്ന ഡബ്ല്യുഎല്‍എഫിലെ സംഭാഷണ വേദിയില്‍ പാ‍ർവതി തിരുവോത്ത് പറഞ്ഞു. അമ്മ സംഘടനയിൽ അംഗമായിരുന്നപ്പോള്‍ ഉന്നയിച്ച പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ നേതൃത്വത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും പാർവതി വിമർശിച്ചു.

“അത് വിട് പാർവതീ. നമ്മളൊരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം”- എന്ന മറുപടിയാണ് കിട്ടിയതെന്ന്  പാർവതി പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവം വലിയ ഞെട്ടല്‍ ഉണ്ടാക്കി. 16 പേര് അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സങ്കടം പങ്കുവെക്കുകയായിരുന്നു ആദ്യം ചെയ്തത്. അവിടെ നിന്നാണ് ഒരു കൂട്ടായ്മ ഉണ്ടായത്. സീരിയലുകള്‍ക്ക് സെൻസ‍ർഷിപ്പ് ആവശ്യമുന്നയിക്കുന്നതില്‍ കാര്യമില്ല. അവബോധമാണ് വേണ്ടത്. വലിയ അക്രമം ചിത്രീകരിക്കുന്ന സിനിമകളില്‍ പോലും സെൻസറിങ് ഫലപ്രദമല്ലെന്ന് പാര്‍വതി പറഞ്ഞു.

ഒരു സിനിമ എഴുതി സംവിധാനം ചെയ്യാനുള്ള ശ്രമം കഴിഞ്ഞ നാല് വർഷമായി തുടരുന്നു. ഒരു സിനിമ പ്രോജക്ട് ആയി മാറുന്നത് മാജിക്ക് ആണെന്നും സിനിമാ നിരൂപക അന്ന എംഎം വെട്ടികാടുമായി നടത്തിയ സംഭാഷണത്തില്‍ പാർവതി പറഞ്ഞു.

29 വരെ മാനന്തവാടി ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ ജസ്റ്റിസ് ചെലമേശ്വർ, എഴുത്തുകാരി അരുന്ധതി റോയ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്.