കലയോടുള്ള സ്‌നേഹവും ടാലന്‍റും ഉള്ളതുകൊണ്ടാണ് സിനിമയിൽ നിലനിൽക്കുന്നത്; ആരുടേയും സഹായമോ ഔദാര്യമോ ആവശ്യമായി വന്നിട്ടില്ല; മലയാള സിനിമ മേഖലയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് ജീവഭയം ഉള്ളതുകൊണ്ടാണ്; വീടിന്‍റെ വഴി ചോദിച്ച് വിളിക്കുകയും ഇതൊന്നും നല്ലതിനല്ല എന്ന് ഭീഷണിപ്പെടുത്തിയുള്ള കോളുകളും വരുന്നുണ്ട്: പാര്‍വതി തിരുവോത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി:മലയാള സിനിമ മേഖലയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് തനിക്ക് ജീവഭയം ഉള്ളതുകൊണ്ടാണെന്നും സിനിമാ മേഖലയിൽ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ വിശദമായി പറയുന്നുണ്ടെന്നും നടി പാര്‍വതി തിരുവോത്ത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയായ പള്‍സര്‍ സുനിയുടേതായി അടുത്തിടെ പുറത്തുവന്ന കത്തിൽ സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നതിലെ സത്യാവസ്ഥയെ കുറിച്ച് ചോദിച്ചപ്പോഴാണ് പാർവതി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

ഇപ്പോള്‍ താനടക്കം പലരും മിണ്ടാതിരിക്കുന്നത് ജീവഭയം ഉള്ളതു കൊണ്ടാണ്. വീടിന്‍റെ വഴി ചോദിച്ച് വിളിക്കുകയും ഇതൊന്നും നല്ലതിനല്ല എന്ന് ഭീഷണിപ്പെടുത്തിയുള്ള കോളുകളും തങ്ങള്‍ക്കും വരുന്നുണ്ട്. പള്‍സര്‍ സുനിയുടെ കത്തുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകളില്‍ പ്രതികരിക്കാനില്ലെന്നും പാര്‍വതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ മേഖലയിലെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിൽ തന്നെ പല പ്രമുഖരായവരെ പറ്റിയും മൊഴികളിൽ പരാമർശമുണ്ട്. കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തത് മൊഴി കൊടുത്തവരുടെ പേര് അതിലുണ്ടെന്നതിനാലല്ല ആർക്കെതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരരുത് എന്നുള്ളത് കൊണ്ടാവാമെന്നും പാർവതി സൂചിപ്പിച്ചു.

സിനിമാലോകത്ത് സൂപ്പര്‍ ഹീറോ എന്ന് വിളിക്കുന്ന താരങ്ങള്‍ വരെ ഈ വിഷയത്തിൽ ഒരക്ഷരം മിണ്ടുന്നില്ല. അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നുള്ളത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്‌സ് റാക്കറ്റ് അടക്കം സുഗമമാക്കുന്നതിനായി ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവരെ പറ്റി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ട്.

ഇതിൽ അതിശയോക്തിയില്ല. നിര്‍മ്മാതാക്കള്‍, സംവിധായകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍, എക്‌സിക്യൂട്ടേര്‍സ് ആണെങ്കിലും പലപ്പോഴും കോംപ്രമൈസ് ചെയ്യൂ, ഒറ്റക്ക് പോയി മീറ്റ് ചെയ്താല്‍ മതി കൂടെയാരും വേണ്ട എന്നൊക്കെ പറഞ്ഞ അനുഭവം എനിക്കും മറ്റ് പലർക്കുമുണ്ട്. അത് നടിമാർക്ക് മാത്രമല്ല മറ്റ് ജോലികൾ ചെയ്യുന്നവർക്കുമുണ്ടായിട്ടുണ്ട്.

കലയോടുള്ള സ്‌നേഹവും ടാലന്‍റും ഉള്ളതുകൊണ്ടാണ് സിനിമയിൽ നിലനിൽക്കുന്നത്. ആരുടേയും സഹായമോ ഔദാര്യമോ ആവശ്യമായി വന്നിട്ടില്ല. ഈ കാലമൊക്കെയും ഒരുപാട് കാര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. മീടു മൂവ്‌മെന്‍റിൽ പലരും പല കാര്യങ്ങളും തുറന്നു പറയുന്നുണ്ട്. ജീവഭയം ഉള്ളതു കൊണ്ട് പേര് പുറത്തുപറയാൻ പറ്റിയിട്ടില്ലെന്നും പാർവതി വ്യക്തമാക്കിയിരിക്കുകയാണ്.