പാർട്ടി ഓഫിസിലെ റെയ്ഡ്: `പ്രതി’ ചൈത്ര തന്നെ; കുറ്റാന്വേണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും: തീവ്രത കുറച്ച നടപടിയുണ്ടാകും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎം ഓഫിസിൽ കയറി പ്രതികളെ പിടികൂടാൻ റെയ്ഡ് നടത്തിയ എസി പി ചൈത്ര തെരേസ ജോണിന് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ചൈത്രതെരേസക്ക് ജാഗ്രത കുറവുണ്ടായതായാണ് അന്വേഷണ റിപ്പോർട്ട്.പ്രതികൾ ഇവിടെ ഉണ്ടെന്ന് ഉറപ്പില്ലായിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന സാഹചര്യം പരിശോധിച്ചില്ലന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ , ചൈത്രയ്ക്കെതിരായ പരാതിയിൽ അന്വേഷണം നടത്താൻ നിർദേശിച്ച സർക്കാർ ഇവർക്കെതിരെ പേരിന് മാത്രം നടപടി എടുത്താൽ മതിയെന്ന നിലപാടിലേയ്ക്ക് മയപ്പെട്ടു. മാധ്യമങ്ങുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദം സഹിക്കാനാവാതെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. ഇതാടെ ചൈത്രയ്ക്കെതിരായി പേരിന് മാത്രം നടപടി എടുത്ത് പാർട്ടി അണികളെ തൃപ്തിപ്പെടുത്തുക മാത്രമേ ഉണ്ടാകൂ എന്നും ഉറപ്പായി.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിനെ തുടന്ന് ചൈത്ര തെരേസ ജോണിനെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എ ഡി ജി പി മനോജ് എബ്രഹാം തിങ്കളാഴ്ച റിപ്പോർട്ട് ഡിജിപിക്ക് നൽകും. സി പി എം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണംനടന്നത്. ചൈത്ര തന്റെ വിശദീകരണം എഡിജിപിക്ക് നൽകി.
സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾ ഓഫീസിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ചൈത്ര തെരേസ ജോണ്‍ വിശദീകരണം നല്‍കി. സംഭവത്തില്‍ ചൈത്രക്കെതിരെ കടുത്ത ശുപാർശകർ ഉണ്ടാകില്ലെന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരേസ ജോണിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്.
ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേർ മാത്രമേ പരിശോധനാ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ചൈത്ര തേരസ ജോണിനെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചത്. ഉണ്ടായ കാര്യങ്ങൾ ഡിസിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കമ്മീഷണർ അന്വേഷണം നടത്തുന്നത്. ആദ്യ പടിയായി ചൈത്ര തേരസ ജോണിനോട് കമ്മീഷണർ വിശദീകരണം തേടിയിരുന്നു.