video
play-sharp-fill

Friday, May 23, 2025
HomeUncategorizedപാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് അടൂര്‍പ്രകാശ് ലോബി; കോന്നിയില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് അടൂര്‍പ്രകാശ് ലോബി; കോന്നിയില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പിന് ശേഷം കോന്നി വീണ്ടും മത്സരച്ചൂടിലേക്ക് മാറുമ്പോള്‍ കോന്നിയിലെ കോണ്‍ഗ്രസിനുള്ളില്‍ വിഭാഗിയത ശക്തമാവുന്നു. അടൂര്‍ പ്രകാശ് ലോബി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാണ് എ ഗ്രൂപ്പ് വിഭാഗക്കാരുടെ ആരോപണം . അടൂര്‍ പ്രകാശിന് വിധേയമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോന്നിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍.

വര്‍ഷങ്ങളോളം കോണ്‍ഗ്രസ് കൈയടക്കിവെച്ച മണ്ഡലം കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലാണ് യുവ നേതാവിനെ ഇറക്കി ഇടതുപക്ഷം തിരികെ പിടിച്ചത്. നിയമസഭയിലെത്തിയ ഒന്നരവര്‍ഷക്കാലത്തിനുള്ളില്‍ രാഷ്ട്രീയഭേദമന്യേ കോന്നിയുടെ വികസനത്തിനായി അഡ്വ. കെ.യു ജനീഷ് കുമാര്‍ നടത്തിയ ഇടപെടല്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ഉള്ളപ്പോഴാണ് തിരഞ്ഞെടുപ്പില്‍ ജനീഷ് കുമാറിനെ നേരിടാന്‍ ആരെ രംഗത്തിറക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ആശങ്കയില്‍ നില്‍ക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം കോന്നിയില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും വ്യക്തിക്ക് പ്രധാന്യം നല്‍കിയാല്‍ ഇത്തവണ ജനീഷ് കുമാറിനെ നേരിടാന്‍ സാധ്യമല്ലെന്നുമ്മാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നിയിലെ കോണ്‍ഗ്രസിനെ അടൂര്‍ പ്രകാശ് ലോബി വരിഞ്ഞു മുറുക്കുന്നുവെന്നുവെന്ന ആരോപണം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അടൂര്‍ പ്രകാശ് വിഭാഗക്കാര്‍ ഇത്തരത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയും കോണ്‍ഗ്രസിലെ വിഭാഗിയതയാണ് വെളിപ്പെടുത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിന്റെ ലോബി നടത്തിയ ഇടപെടലിനെതിരെ കോന്നിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.തന്റെ ആള്‍ക്കാര്‍ക്ക് സ്ഥാനമാനം ലഭിക്കാന്‍ ആറ്റിങ്ങല്‍ എം.പി നടത്തുന്ന ഇടപടെലില്‍ പ്രതിഷേധിച്ച് മൂന്ന് മെമ്പര്‍മാര്‍ രാജിക്ക് തയാറെടുക്കുകയാണെന്ന വിവരം കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്. അടൂര്‍ പ്രകാശിന് കോണ്‍ഗ്രസിനെ അടിയറവ് വെക്കാന്‍ ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകില്ലെന്നാണ് അവരുടെ വാദം.

പാര്‍ട്ടിയെ വരിഞ്ഞ് മുറുക്കുന്ന അടൂര്‍ പ്രകാശ് ലോബിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കോന്നിയില്‍ നൂറോളം പ്രവര്‍ത്തകരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മലയാലപ്പുഴ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറത്തിന്റെ പരാജയത്തിന് പിന്നിലും അടൂര്‍ പ്രകാശിന്റെ നോമിനിയാണെന്ന ആരോപണവുമായി സാമുവലിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. സാമുവലിനെ തോല്‍പ്പിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിലയ്ക്ക് വാങ്ങുവാനും അടൂര്‍ പ്രകാശിന്റെ ഇഷ്ടക്കാരന്‍ റോബിന്‍ പീറ്റര്‍ കളിച്ച കളിയാണ് പരാജയത്തിന് കാരണമെന്നായിരുന്നു അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ഇത്തരത്തില്‍ കോന്നി കോണ്‍ഗ്രസിനെ അടൂര്‍ പ്രകാശ് ലോബിക്ക് അടിയറവ് വെക്കാനുള്ള നീക്കം പാര്‍ട്ടിയെ തകര്‍ക്കുമെന്നാണ് അടൂര്‍പ്രകാശ് വിരുദ്ധരുടെ അഭിപ്രായം.

നേരത്തെ അടൂര്‍ പ്രകാശിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോന്നിയൂര്‍ പി.കെ രാജിവെച്ച സംഭവും കോന്നിയിലുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന മുന്നണി എങ്ങനെ ഇടതുപക്ഷത്തെ നേരിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചോദിക്കുന്നത്. മണ്ഡലത്തില്‍ കരുത്ത് തെളിയിച്ച നേതാവായി അഡ്വ.ജനീഷ് കുമാര്‍ വീണ്ടും മത്സര രംഗത്തിറങ്ങുമ്പോള്‍ വിഭാഗിയതയുമായി നില്‍ക്കുന്ന കോണ്‍ഗ്രസിന് പ്രതിരോധിക്കുക പ്രയാസമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എംഎല്‍എ എന്ന നിലയില്‍ ജനീഷ് കുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആത്മവിശ്വാസത്തോടെ ഇടതുപക്ഷം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ എന്ത് പറഞ്ഞു കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്ന ആശങ്ക ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. ഇത്തരത്തില്‍ ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയത് അടൂര്‍ പ്രകാശിന്റെ താത്പര്യമാണെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ ആരോപണം. നിലവിലെ സ്ഥിതി ഇടതുഅനുകൂലമായിരിക്കെ ആറ്റിങ്ങല്‍ എംപിക്ക് വേണ്ടി സ്ഥാനമാനങ്ങള്‍ വെച്ചുനീട്ടുമ്പോള്‍ തകരുന്നത് കോന്നിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷകളാണെന്നും വിമത പക്ഷം പറയുന്നു.

കെപിസിസി അംഗം മാത്യു കുളത്തിങ്കല്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം എലിസബേത്ത് അബു, ഡിസിസി ജനറല്‍ സെക്രട്ടറി എംഎസ് പ്രകാശ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട തുടങ്ങിയ നേതാക്കന്മാരെ മൂലയ്ക്കിരുത്തിയാണ് അടൂര്‍പ്രകാശ് ലോബി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് സ്ഥാനമാനങ്ങള്‍ക്ക് നാളിതുവരെ വേണ്ടി പ്രവര്‍ത്തിച്ചതെന്നും ഒരുകൂട്ടര്‍ പറയുന്നു.കാലങ്ങളോളം കോന്നിയില്‍ നിലനിന്നിരുന്ന വിഭാഗിയത കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചപോലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. അനുനയ ചര്‍ച്ചകള്‍ക്ക് ശ്രമം നടക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയെ അടൂര്‍പ്രകാശിന് അടിയറവെക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം. ആറ്റിങ്ങല്‍ എംപിയുടെ ഇഷ്ടക്കാരല്ലാത്തവരെ മത്സരിപ്പിച്ചാല്‍ എന്ത് വിലകൊടുത്തും തോല്‍പ്പിക്കുന്ന അടൂര്‍പ്രകാശ് ലോബിയുടെ രീതി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും ജനാധിപത്യവിരുദ്ധമാണെന്നുമാണ് കോന്നിയിലെ വിവിധ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. ജനീഷ് കുമാറിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം ഒരുങ്ങുമ്പോള്‍ പടലപ്പിണക്കവും കാലുവാരലുമായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ മുന്നണിക്ക് തന്നെ തലവേദനയായിരിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments