video
play-sharp-fill

4 കൊലപാതകക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവന്റെ ജയിൽ മോചനം ; സന്തോഷം പങ്കുവയ്ക്കാൻ നടത്തിയ പാർട്ടിയിൽ പങ്കെടുത്തത് കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ ; ‘എടാ മോനേ’ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളിട്ട് ഗുണ്ടകൾ

4 കൊലപാതകക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവന്റെ ജയിൽ മോചനം ; സന്തോഷം പങ്കുവയ്ക്കാൻ നടത്തിയ പാർട്ടിയിൽ പങ്കെടുത്തത് കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ ; ‘എടാ മോനേ’ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളിട്ട് ഗുണ്ടകൾ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : 4 കൊലപാതകക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാൻ നടത്തിയ പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ. ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയുടെ ദൃശ്യങ്ങൾ ‘ആവേശം’ സിനിമയിലെ ‘എടാ മോനേ’ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു വീരാരാധന പങ്കുവയ്ക്കുന്നതു വ്യാപകമായി. പാർട്ടിയിലേക്കു മദ്യക്കുപ്പികൾ കൊണ്ടുപോകുന്നത് അടക്കം റീലുകളിലുണ്ട്.

അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ സമീപകാലത്തു ഭീതി സൃഷ്ടിച്ച പല ഗുണ്ടാ ആക്രമണക്കേസുകളിലും പങ്കെടുത്ത സംഘത്തിലെ പ്രധാന നേതാവിനെ അടുത്തിടെ കൊലപാതകക്കേസിൽ കോടതി വിട്ടയച്ചിരുന്നു. തിരികെയെത്തിയ നേതാവു തന്റെ സുഹൃത്തുക്കൾക്കും കൂട്ടാളികൾക്കും വേണ്ടിയാണു ലഹരിപ്പാർട്ടി സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഡംബരക്കാറിൽ കൂളിങ് ഗ്ലാസ് ധരിച്ച് അടിപൊളി വേഷത്തിൽ നേതാവു വന്നിറങ്ങുന്നതും അനുചരന്മാർ ഓടിയെത്തി ആരാധന പ്രകടിപ്പിക്കുന്നതുമൊക്കെ റീലിൽ കാണാം. ഒരു പൊലീസ് ജീപ്പിനരികിൽ നേതാവ് നിൽക്കുന്ന ദൃശ്യവും റീലിലുണ്ട്. കോൾ മേഖലയിലെ ഒരു പാടത്തിനരികിലായിരുന്നു ആഘോഷം.

2 കെയ്സുകളിലായി മദ്യക്കുപ്പികൾ ചുമലിൽ വച്ചു കൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരും ഒന്നിച്ചു നിൽക്കുന്നതിന്റെ ദൃശ്യം സഹിതമാണു റീൽ അവസാനിക്കുന്നത്. ജില്ലയിലെ ഒട്ടുമിക്ക ക്രിമിനൽ സംഘങ്ങൾക്കിടയിലും ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്.