തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് വീണ്ടും തിരിച്ചടി: പാർട്ടി ഓഫിസിൽ പീഡിപ്പിച്ച് ഗർഭിണിയാ്ക്കിയെന്ന് യുവതിയുടെ പരാതി; നവജാത ശിശു ഗുരുതരാവസ്ഥയിൽ; പാർട്ടിയ്ക്ക് ബന്ധമില്ലെന്ന് സിപിഎം
ക്രൈം ഡെസ്‌ക്
പാലക്കാട്: തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് വൻ തിരിച്ചടി നൽകി വീണ്ടും ലൈംഗിക വിവാദം. പാലക്കാട് ഏരിയ കമ്മിറ്റി ഓഫിസിൽ വച്ച് പാർട്ടി നേതാവായ യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ചോരക്കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാർട്ടി ഓഫിസിൽ വച്ച് പാർട്ടി നേതാവായ യുവാവ് തന്നെ പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ യുവാവിന് പാർട്ടിയുമായി ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്.
സിപിഎം പാർട്ടി ഓഫീസിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാണ് താൻ ഗർഭിണിയായതെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കേസ് അന്വേഷണം ആരംഭിച്ച മങ്കര പൊലീസ്് പ്രാഥമിക വിവര റിപ്പോർട്ട് തയ്യാറാക്കിയ ശേഷം വിശദമായ അന്വേഷണത്തിനായി ചെർപ്പുളശേരി പൊലീസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.കഴിഞ്ഞ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്. യുവതിയേയും കുഞ്ഞിനേയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി. ചെർപ്പുളശേരിയിലെ ഒരു കോളജിൽ പഠിച്ചിരുന്ന ഇരുവരും യുവജനസംഘടനാ പ്രവർത്തകരായിരുന്നു. കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കൽ ചർച്ചയ്ക്കു പാർട്ടി ഓഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നറിയുന്നു. എന്നാൽ യുവതിയുടെ വീട്ടിൽ താൻ പോയിരുന്നു എന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നതെന്നാണ് സൂചന.