play-sharp-fill
പാർത്ഥയിൽ കല്യാണത്തോട് കല്യാണം: ഇതൊന്നും കാണാൻ സാജനില്ല

പാർത്ഥയിൽ കല്യാണത്തോട് കല്യാണം: ഇതൊന്നും കാണാൻ സാജനില്ല

കണ്ണൂര്‍: കല്യാണമേളം മുഴങ്ങി ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാർത്ഥ കണ്‍വെന്‍ഷന്‍ സെന്റർ. കോടികള്‍ ചിലവിട്ട് നിര്‍മിച്ച ഈ കെട്ടിടത്തിന് അനുമതി ലഭിക്കാതെ വന്നതോടെയാണ് സാജൻ സ്വന്തം ജീവനൊടുക്കിയത്. കൺവെൻഷൻ സെന്റർ ഒരിക്കലും തുറക്കാനാവില്ലെന്ന തോന്നലാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചത്. എന്നാൽ സാജന്റെ മരണത്തിന് ശേഷം എല്ലാ തടസ്സങ്ങളും നീങ്ങി.

ഇപ്പോഴിതാ അനുമതി കിട്ടിയതിനു ശേഷമുള്ള ആദ്യവിവാഹം ഇന്നലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സാജന്റെ ഭാര്യാമാതാവ്‌ പ്രേമലതയുടെ സഹോദരീപുത്രിയുടേതായിരുന്നു ആദ്യ വിവാഹം. മാത്രമല്ല പതിനഞ്ചിലേറെ വിവാഹങ്ങളും ഇവിടെ ബുക്ക് ചെയ്തു കഴിഞ്ഞു.

സാജന്റെ ആത്മഹത്യക്കു മുൻപും ഇവിടെ വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നു. എന്നാൽ കെട്ടിടത്തിന് പ്രവർത്തനാനുമതി ലഭിക്കാഞ്ഞതിനെ തുടർന്ന് വിവാഹ രജിസ്‌ട്രേഷനു സാങ്കേതിക തടസങ്ങളുണ്ടായിരുന്നു. ഇപ്പോൾ ചീഫ്‌ ടൗണ്‍ പ്ലാനര്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിച്ചതോടെ ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിനു കൈവശ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരുന്നു. ഇതോടെയാണു വിവിധ ചടങ്ങുകള്‍ക്കുള്ള ബുക്കിങ്‌ ആരംഭിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 കോടി രൂപ മുടക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്‌ അനുമതി കിട്ടാത്തതില്‍ മനംനൊന്താണു സാജന്‍ പാറയില്‍ (48) കഴിഞ്ഞ ജൂണ്‍ 18-നു ജീവനൊടുക്കിയത്‌. അനുമതി നല്‍കാത്തതു നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയാണെന്നായിരുന്നു സാജന്റെ കുടുബത്തിന്റെ ആരോപണം.