play-sharp-fill
പറശിനിക്കടവ് ക്ഷേത്രത്തിന് സമീപം ഒരു വർഷത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

പറശിനിക്കടവ് ക്ഷേത്രത്തിന് സമീപം ഒരു വർഷത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

 

സ്വന്തം ലേഖകൻ

തളിപ്പറമ്പ്: പറശിനിക്കടവ് ക്ഷേത്രത്തിന് സമീപം ഷെഡിൽ നിന്ന് കണ്ടെത്തിയ ഒരു വർഷത്തിലേറെ പഴക്കമുള്ള മൃതദേഹത്തെ കുറിച്ച് ദുരൂഹതകൾ തുടരുന്നു. കൊലപാതകമെന്ന് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു.പറശിനിക്കടവ് ബസ്സ്റ്റാൻഡിനടുത്തുള്ള കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പമ്പ് ഹൗസ് ഷെഡിലാണ് മൃതദേഹം കണ്ടത്. പറശിനിക്കടവിലെ പി.എം.പുഷ്പജൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഷെഡ്. മൃതദേഹം കാണപ്പെട്ട ഷെഡ് ജനവാസ കേന്ദ്രത്തിലായിട്ടും ദുർഗന്ധം പോലും ഉണ്ടാകാത്തതാണ് സംശയത്തിന് കാരണമായത്. വർഷങ്ങളായി പൂട്ടിയിട്ട ഷെഡ് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് സമീപവാസികൾ കാണാതിരിക്കില്ലെന്നതും സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ ഷെഡിൽ പോലീസ് നടത്തിയ പരിശോധനയിൽ കുറ്റ്യാടി, നാദാപുരം ഭാഗത്തെ തുണിക്കടകളുടെ സഞ്ചികൾ ലഭിച്ചിരുന്നു.

ആറുവർഷമായി ഉപയോഗിക്കാതെ കിടന്ന ഷെഡിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ് മൃതദേഹം കണ്ടത്. അകത്തു നിന്നും രണ്ട് കുറ്റികളിട്ട് അടച്ച നിലയിലായിരുന്ന വാതിലിന്റെ കതക് സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് അഴിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഇവർ വിവരമറിയിച്ചത് പ്രകാരമാണ് പോലീസ് സ്ഥലത്തെത്തിയത്. മൃതദേഹം കണ്ട ഷെഡിൽ നിന്നും കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ എഴുതിവെച്ച കൂലിക്കണക്കിന്റെ പുസ്തകം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും കുറ്റിക്കോൽ കള്ള്ഷാപ്പ് മാനേജരുടെ നമ്പർ കിട്ടിയത് പ്രകാരം പോലീസ് ഇയാളെ വിളിച്ചു വരുത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാനായില്ല. ഇന്നലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പരിയാരം മെഡിക്കൽ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ അന്വേഷണങ്ങൾ നടക്കുമെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group