video
play-sharp-fill

പാറോച്ചാൽ പൊക്കുപാലം തകർന്നിട്ട് മൂന്നാഴ്ച: അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ ബോട്ട് യാത്രക്കാർ വലയുന്നു. കോട്ടയത്തുനിന്നു പുറപ്പെടേണ്ട ബോട്ടുകൾ ഇപ്പോൾ കാഞ്ഞിരത്തുനിന്ന്

പാറോച്ചാൽ പൊക്കുപാലം തകർന്നിട്ട് മൂന്നാഴ്ച: അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ ബോട്ട് യാത്രക്കാർ വലയുന്നു. കോട്ടയത്തുനിന്നു പുറപ്പെടേണ്ട ബോട്ടുകൾ ഇപ്പോൾ കാഞ്ഞിരത്തുനിന്ന്

Spread the love

കോട്ടയം: മൂന്നാഴ്ച മുൻപ് തകർന്ന പാറോച്ചാൽ പൊക്കുപാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ ബോട്ട് യാത്രക്കാർ വലയുന്നു.
കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കുള്ള യാത്രാ ബോട്ടുകളുടെ സര്‍വീസ്‌ കാഞ്ഞിരത്തുനിന്ന്‌ ആരംഭിക്കുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍.

കോട്ടയം – ആലപ്പുഴ ജലപാതയിലെ പാറോച്ചാല്‍ പൊക്കുപാലം മൂന്നാഴ്‌ച മുമ്പാണ് തകര്‍ന്നത്‌. ഇതോടെ, പ്രദേശത്തു യാത്രാ ദുരിതമുണ്ടായതിനൊപ്പം യാത്രാ ബോട്ടുകളുടെ സര്‍വീസിനെയും ബാധിച്ചിരുന്നു. എങ്കിലും തകര്‍ന്ന പാലത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ ബോട്ടുകള്‍ കോടിമത വരെ എത്തിയിരുന്നു.

നഗരസഭയ്‌ക്കാണ്‌ പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല. നാട്ടുകാരുടെ നിരന്തര പരാതികള്‍ക്കൊടുവില്‍ കഴിഞ്ഞ ഞായറാഴ്‌ച മുതല്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. എന്നാല്‍, പണികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നാണ്‌ ആരോപണം.
പണികള്‍ ആരംഭിച്ചതോടെ ബോട്ട്‌ സര്‍വീസും കാഞ്ഞിരം വരെയാക്കി ചുരുക്കുകയായിരുന്നു. എന്നാല്‍, കോടിമതയിലേക്ക്‌ ബോട്ട്‌ എത്തുന്നില്ലെന്ന കാര്യം അറിയാതെ നിരവധി പേര്‍ ഇവിടെയെത്തി നിരാശരായി മടങ്ങുന്നുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ, ഏഴിന്‌ കോടിമതയില്‍ നിന്ന്‌ ആരംഭിക്കുന്ന സര്‍വീസ്‌ നിരവധി സ്‌ഥിരം യാത്രക്കാരുടെ ആശ്രയമായിരുന്നു. കര്‍ഷക തൊഴിലാളികള്‍, വേമ്പനാട്ട്‌ കായലിലെ മത്സ്യ ബന്ധന തൊഴിലാളികള്‍ തുടങ്ങിയവരൊക്കെ ആശ്രയിച്ചിരുന്നത്‌ ഈ സര്‍വീസിനെയാണ്‌.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടിമതയില്‍ എത്തി പോയിരുന്ന ഇത്തരക്കാരില്‍ പലര്‍ക്കും ഇപ്പോള്‍ ബോട്ടിനെ ആശ്രയിക്കാന്‍ കഴിയുന്നില്ല.
കാഞ്ഞിരത്തു നിന്ന്‌ സര്‍വീസ്‌ ആരംഭിക്കുന്ന 7.15ന്‌ അവിടെ എത്താന്‍ കഴിയാത്തതാണ്‌ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്‌.

കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം ആശ്രയിക്കാമെന്നതിനാല്‍ നിരവധി വിനോദ സഞ്ചാരികളും സര്‍വീസിനെ ആശ്രയിച്ചിരുന്നു. അവധിക്കാലമായതിനാല്‍ ഇത്തം സഞ്ചാരികളുടെ എണ്ണവും ഏറിയിരുന്നു. ഇത്തരത്തില്‍ അന്യജില്ലയില്‍ നിന്നു പോലും രാവിലെ എത്തുന്ന പലരും സര്‍വീസ്‌ കാഞ്ഞിരത്തു നിന്നുമാണെന്ന്‌ അറിയുന്നതോടെ നിരാശരായി മടങ്ങുകയാണ്‌.

അതേസമയം, നാളെയോടെ പൊക്കുപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുമെന്നും സര്‍വീസ്‌ പുനരാരംഭിക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ്‌ ജലഗതാഗത വകുപ്പ്‌ അധികൃതര്‍.
കൈവരികൾ പൂർത്തിയാകാനുണ്ടന്ന് വാർഡ് കൗൺസിലർ ഷീല സതീഷ് പറഞ്ഞു.