
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പില്‍ പ്രകടനങ്ങളും ധര്‍ണയും വിലക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കഴിഞ്ഞ ദിവസം അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതുക്കിയ പട്ടിക പുറത്തിറക്കിയതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്.
ഈ മാസം പതിനെട്ടിന് മണ്‍സൂണ്‍ സമ്മേളനം തുടങ്ങാനിരിക്കെയാണ് പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയും പ്രകടനങ്ങളും വിലക്കി രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈസി മോദി ഉത്തരവിറക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ സമ്മേളനങ്ങള്‍ക്കും മുന്നോടിയായി ഇറക്കുന്ന പതിവ് ഉത്തരവാണിത്. ഉത്തരവ് പ്രകാരം പാര്‍ലമെന്റ് വളപ്പ് അംഗങ്ങള്‍ക്ക് ധര്‍ണയ്‌ക്കോ സമരത്തിനോ ഉപയോഗിക്കാന്‍ കഴിയില്ല. ഉപവാസത്തിനോ ഏതെങ്കിലും മതപരമായ ചടങ്ങുകള്‍ക്കോ അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരം ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഉത്തരവ് ട്വിറ്ററില്‍ പങ്കുവച്ചത്. വിശ്വഗുരുവിന്റെ പുതിയ നടപടിയെന്ന അടിക്കുറിപ്പോടെയാണ് ഉത്തരവ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ ബുക്ക്‌ലെറ്റ് ഇന്നലെ പുറത്തിറക്കിയിരുന്നു. bloodshed (രക്തച്ചൊരിച്ചില്‍), betrayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി/ അഴിമതിക്കാരന്‍), coward (ഭീരു), ക്രിമിനല്‍, crocodile tears (മുതലക്കണ്ണീര്‍), donkey (കഴുത), disgrace (കളങ്കം), drama (നാടകം), mislead (തെറ്റിദ്ധരിപ്പിക്കുക), lie (നുണ), untrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാള്‍), incompetent (അയോഗ്യത) തുടങ്ങി ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുന്നത്.
ഇത് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാതിരിക്കാനാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തു വന്നു. എന്നാല്‍, ഇന്ത്യയിലും പല കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ജനസഭകളില്‍ ഇപ്പോള്‍തന്നെ നിരോധിച്ച വാക്കുകള്‍ പട്ടികയാക്കി എന്നേയുള്ളൂവെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.മണ്‍സൂണ്‍ സമ്മേളനത്തിനു മുന്നോടിയായാണ് പാര്‍ലമെന്റില്‍ ഉപയോഗിച്ചാല്‍ നീക്കം ചെയ്യപ്പെടുന്ന വാക്കുകളുടെ പട്ടികയിലേക്ക് ചില ഇംഗ്ലിഷ്, ഹിന്ദി വാക്കുകള്‍ കൂടി ചേര്‍ത്ത് കൈപ്പുസ്തകം പുതുക്കിയത്.