‘ശവപ്പെട്ടി നിങ്ങളുടെ ഭാവി, പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ ഭാവി’; വിവാദ പരാമർശത്തിന് മറുപടിയുമായി ബിജെപി..! ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്ന് മോദി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യം ചെയ്ത ആർജെഡിക്കെതിരെ മറുപടിയുമായി ബിജെപി . ശവപ്പെട്ടി നിങ്ങളുടെ ഭാവി, പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ ഭാവിയെന്നായിരുന്നു ബിജെപിയുടെ മറുപടി.
ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തി ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെക്കാൾ ദൗർഭാഗ്യകരമായി മറ്റെന്താണ് ഉള്ളത്. പുതിയ പാർലമെന്റ് പൊതുപണം കൊണ്ട് നിർമ്മിച്ചതാണ്. ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചെങ്കിലും പാർലമെന്റ് നടപടികളിൽ പങ്കെടുക്കും. പാർലമെന്റ് സ്ഥിരമായി ബഹിഷ്കരിക്കാൻ ആർജെഡി തീരുമാനിച്ചോ? അവരുടെ എംപിമാർ ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നു രാജിവെക്കുമോയെന്നും മോദി ചോദിച്ചു.
അവർ ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചു. ഇതിൽപ്പരം മറ്റ് അനാദരവ് എന്താണ്? ഇത് രാഷ്ട്രീയ പാർട്ടിയുടെ വിലകുറഞ്ഞ ചിന്താഗതിയാണ് കാണിക്കുന്നത്. ഇന്ന് ഒരു ശുഭദിനമാണ്,പുതിയ പാർലമെന്റ് രാജ്യത്തിന് സമർപ്പിക്കുമ്പോൾ രാജ്യത്തിന് അഭിമാനത്തിന്റെ ദിവസമാണ്. ഇത്തരം ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റർ ചെയ്യണം,’ മോദി പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നതിനിടെയാണ്, വിവാദ ട്വീറ്റുമായി ആർജെഡി രംഗത്തെത്തിയത്. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോടാണ് താരതമ്യം ചെയ്തത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ആർജെഡി ഉന്നയിച്ചു.
ആർജെഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. തന്റെ പ്രശസ്തിക്കായി പ്രധാനമന്ത്രി മോദി ഉദ്ഘാടന ചടങ്ങിനെ ഉപയോഗിക്കുകയാണെന്നും ചടങ്ങിൽ രാഷ്ട്രപതിയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.