play-sharp-fill
കേരള കോൺഗ്രസിന്റെ നിർണ്ണായക സ്റ്റിയറിംഗ് കമ്മിറ്റി ഞായറാഴ്ച: പാർലമെന്റിലെ സ്ഥാനാർത്ഥിയെ മണിക്കൂറുകൾക്കുള്ളിൽ അറിയാം ഉടക്ക് തുടർന്ന് പി.ജെ ജോസഫ്

കേരള കോൺഗ്രസിന്റെ നിർണ്ണായക സ്റ്റിയറിംഗ് കമ്മിറ്റി ഞായറാഴ്ച: പാർലമെന്റിലെ സ്ഥാനാർത്ഥിയെ മണിക്കൂറുകൾക്കുള്ളിൽ അറിയാം ഉടക്ക് തുടർന്ന് പി.ജെ ജോസഫ്

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ചിത്രം ഞായറാഴ്ച തെളിഞ്ഞേക്കും. ഇടത് സ്ഥാനാർത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവനെയും, എൻഡിഎ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ചെയർമാൻ പി.സി തോമസിനെയും ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ഞായറാഴ്ച ചേരുന്ന കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തെ മണ്ഡലത്തിലെ ചിത്രം വ്യക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
രണ്ടാം സീറ്റ് ആവശ്യപ്പെട്ട പി.ജെ ജോസഫിന്റെ ഉടക്ക് തന്നെയാണ് സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന്റെ പ്രധാന കാരണം. മൂന്നു സീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് തങ്ങളുടെ ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയിട്ടുണ്ട്. ശനിയാഴ്ച സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ലീഗ് നിലവിൽ തങ്ങൾ മത്സരിച്ചിരുന്ന രണ്ട് സ്ഥാനാർത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കേരള കോൺഗ്രസിനെ സമ്മർദത്തിലാക്കുന്നതിനു വേണ്ടിയാണെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ, ഇടുക്കിയോ, പത്തനംതിട്ടയോ കൂടി വേണമെന്ന ആവശ്യത്തിൽ നിന്നും കേരള കോൺഗ്രസ് ഇതുവരെയും പൂർണമായും പിൻവാങ്ങിയിട്ടില്ല. ഇത് യുഡിഎഫിനെ കോട്ടയത്ത് കൂടുതൽ സമ്മർദത്തിലാക്കി മാറ്റിയിട്ടുണ്ട്.
സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കോട്ടയം സീറ്റ് തങ്ങൾക്ക് വിട്ടു നൽകണമെന്ന് പി.ജെ ജോസഫ് വിഭാഗം ആവശ്യപ്പെടാൻ സാധ്യത ഏറെയാണ്. കോട്ടയത്തേയ്ക്ക് പി.ജെ ജോസഫ്, കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്, മുൻ ഏറ്റുമാനൂർ എംഎൽഎ തോമസ് ചാഴികാടൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. ഇടുക്കി സീറ്റ് ലഭിച്ചാൽ പി.ജെ ജോസഫ് തന്നെ സ്ഥാനാർത്ഥിയാകുമെന്നും കേരള കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നു. ഇതിനിടെ കോട്ടയം കോൺഗ്രസിന് നൽകി പകരം പത്തനംതിട്ട സീറ്റ് കേരള കോൺഗ്രസ് ഏറ്റെടുക്കാനും, ഇവിടെ ജോസഫ് എം.പുതുശേരിയെ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. ആന്റോ ആന്റണിയെ കോട്ടയത്ത് മത്സരിപ്പിക്കുന്നതിനാണ് ഈ സീറ്റ് വിട്ടു നൽകാൻ ആലോചന നടക്കുന്നത്. നിലവിൽ ആന്റോ ആന്റണിയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് പത്തനംതിട്ട ലോക്‌സഭാ സീറ്റിൽ ഉയരുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പത്തനംതിട്ടയിൽ പി.സി ജോർജ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.
ഞായറാഴ്ച ചേരുന്ന കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തോടെ സ്ഥാനാർത്ഥി ചിത്രം സംബന്ധിച്ചു വ്യക്തമായ ചിത്രമുണ്ടായേക്കും.