പാർലമെന്റില്‍ വീണ്ടും വൻ സുരക്ഷാ വീഴ്‌ച്ച; മതില്‍ ചാടിക്കടന്ന് ഒരാള്‍ അകത്ത് പ്രവേശിച്ചു

Spread the love

ന്യൂഡൽഹി:  പാർലമെന്റില്‍ വൻ സുരക്ഷാ വീഴ്‌ച്ച. ഒരാള്‍ മരത്തില്‍ കയറി മതില്‍ ചാടിക്കടന്ന് പാർലമെന്റ് മന്ദിരത്തിനുള്ളില്‍ പ്രവേശിച്ചു.ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം. റെയില്‍ ഭവന്റെ ഭാഗത്ത് നിന്ന് മതില്‍ ചാടിക്കടന്നാണ് ഇയാള്‍ പാർലമെന്റ് മന്ദിരത്തിലെത്തിയത്. ഗരുഡ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയെന്നാണ് വിവരം. പിടിയിലായ ആളെ ചോദ്യം ചെയ്‌ത് വരികയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

video
play-sharp-fill

പാർലമെന്റ് വർഷകാല സമ്മേളനം ഇന്നലെ കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വൻ സുരക്ഷാ വീഴ്‌ച ഉണ്ടായത്. കഴിഞ്ഞ വർഷവും സമാനമായ രീതിയില്‍ സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടുണ്ട്. അന്ന് 20 വയസുള്ള ഒരാള്‍ പാർലമെന്റിന്റെ മതില്‍ കയറി അനക്‌സ് കെട്ടിട വളപ്പിലേക്ക് ചാടിക്കടക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഷോർട്‌സും ടീ -ഷർട്ടും ധരിച്ച പ്രതിയെ സായുധരായ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ പിടികൂടുന്നത് ഇതില്‍ കാണാമായിരുന്നു. പരിശോധനയില്‍ ഇയാളില്‍ നിന്ന് സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല.