ഇന്നും സഭ സ്തംഭിച്ചു; പ്രതിപക്ഷ കക്ഷികളുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്നും സഭ സ്തംഭിച്ചു. നിയമസഭയ്ക്കു മുന്നിൽ സത്യാഗ്രഹമിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു ഇന്നും സഭയിൽ പ്രതിപക്ഷ ബഹളം. നിയമസഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുന്ന കക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ സംവരണ നിഷേധത്തെക്കുറിച്ച് അഹമ്മദ് കബീർ എംഎൽഎ നോട്ടീസ് നൽകി. പ്രതിപക്ഷ അംഗങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നില്ല. നിയമസഭയിൽ പ്രതിപക്ഷ ബഹളം രൂക്ഷമാണ്. പതിവുപോലെ ശബരിമല വിഷയത്തിൽ ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം പ്രതിപക്ഷ ബഹളത്തെ തുടർന്നു സഭ നേരത്തെ പിരിഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ സമീപനം നിർഭാഗ്യകരമെന്ന് സ്പീക്കർ വിശദമാക്കി. എല്ലാ ദിവസവും ഒരേ വിഷയത്തിൽ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച സ്പീക്കർ ഒന്നുകിൽ സഭാനടപടികളോട് സഹകരികണം അല്ലെങ്കിൽ സഭ ബഹിഷ്‌കരിക്കണം എന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.