മകന്റെ കഥകളി പഠനം കണ്ട് അമ്മയും പഠിച്ചു: മഹാവിഷ്ണുവും പരമേശ്വരനുമായി അമ്മയും മകനും കഥകളിയിൽ അരങ്ങേറ്റം കുറിച്ചു: കോട്ടയം പരിപ്പിലെ കഥകളി കുടുബ വിശേഷം ഇങ്ങനെ

Spread the love

പരിപ്പ്: മകനെ കഥകളി പഠിപ്പിക്കാൻ കൊണ്ടുപോയ അമ്മയ്ക്ക് മോഹം ഒന്നു പഠിച്ചാലോ എന്ന്. ആഗ്രഹം സ്ഥലമായി. രണ്ടു പേരും പഠനം പൂർത്തിയാക്കി അരങ്ങേറ്റവും നടത്തി.
പരിപ്പ് മഹാദേവ ക്ഷേത്രത്തിലെ തിരുവരങ്ങിൽ കഥകളിയിൽ അരങ്ങേറ്റം കുറിച്ച് പരിപ്പ് ഒളവൂർമഠത്തിൽ ഗോപീകൃഷ്ണൻ്റെ മകൾ അഞ്ജലി അരുണും അഞ്ജലിയുടെ മകൻ എട്ടുവയസ്സുകാരൻ അദ്വൈത് അരുണും .

കഥകളിയിൽ ആദ്യമായി ചുട്ടി കുത്തി ഇവർ.
കാന്താര എന്ന സിനിമയിലെ ചുട്ടിവേഷം കണ്ടാണ് അദ്വൈത് കഥകളിയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അവനെ സ്ഥിരമായി കളരിയിലെത്തിച്ച അമ്മ അഞ്ജലിയും കളിപ്രേമിയായി മാറി. പിന്നെ അമ്മയും മകനും ചേർന്നായി പഠനം.

കാന്താര സിനിമയിലെ കഥാപാത്രത്തിൻ്റെ ചുട്ടികുത്തിയ വേഷം അദ്വൈതിനെ വല്ലാതെ സ്വാധീനിച്ചു. പിന്നീട് യൂട്യൂബിൽ തിരഞ്ഞ് കൂടുതലറിഞ്ഞു. അങ്ങനെ സിനിമയിലെ വേഷത്തോട് ഏറെ രൂപസാദൃശ്യം തോന്നുന്ന ‘കഥകളി’ എന്ന കലാ രൂപത്തിലേക്ക് എത്തുകയായിരുന്നു. സോഫ്റ്റ്‌വേയർ എൻജിനീയറായ അച്ഛൻ അരുൺ ഗോപകുമാർ കാനഡയിൽ ആയതിനാൽ, അദ്വൈത് സംശയ നിവാരണത്തിനായി ഓടിയെത്തുന്നത് അമ്മയുടെ അടുത്തായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാണ് അഞ്ജലിയേയും കഥകളിയിലും ഒരു കൈ നോക്കാൻ പ്രേരിപ്പിച്ചത്. ഭരതനാട്യവും ശാസ്ത്രീയ സംഗീതവും മുൻപ് വേദികളിൽ അവതരിപ്പിച്ച പരിചയമുണ്ട് അഞ്ജലിക്ക്. 2012ൽ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രോപദേശക സമിതി പുറത്തിറക്കിയ ഭക്തിഗാന സിഡിയിൽ പാടുകയും ചെയ്തിട്ടുണ്ട് അഞ്ജലി.

അദ്വൈതിൻ്റെ ആഗ്രഹം സഫലമാക്കാനുള്ള യാത്ര നാട്യമണ്ഡലം കഥകളി വിദ്യാലയത്തിലെ കലാമണ്ഡലം ഭാഗ്യനാഥിൽ എത്തിച്ചു. അദ്ദേഹത്തിൻ്റെ ശിക്ഷണത്തിൽ അങ്ങനെ അമ്മയും മകനും കഠിനമായ പരിശീലനത്തിലൂടെയാണ് പിന്നീട് കടന്നു പോയി അരങ്ങേറ്റം കുറിച്ചത്. അഞ്ജലിക്ക് വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ കൊല്ലം അമൃത യൂണിവേഴ്‌സിറ്റിയിൽ ബാച്ച് കോഡിനേറ്ററായി ജോലിയുണ്ട്.

ഒന്നര വയസ്സ് പ്രായമുള്ള മകൾ വാസുകിയുടെ കാര്യവും ശ്രദ്ധിക്കണം. ഇതിനിടയ്ക്കാണ് ഇവരുടെ കഥകളി പഠനവും അരങ്ങേറ്റവും നടന്നത്.
അംബരീക്ഷചരിതം കഥകളിയിലെ പരമശിവൻ്റെ വേഷമാണ് അഞ്ജലി കെട്ടിയത്. മഹാവിഷ്ണുവിൻ്റെ വേഷത്തിലാണ് അദ്വൈത് അരങ്ങിലെത്തിയത്.