
ഏറ്റുമാനൂർ : മൂന്ന് പതിറ്റാണ്ടിലേറയായി മുടങ്ങിക്കിടന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി 708.83 ലക്ഷം രൂപ ( ഏഴ് കോടി എട്ടുലക്ഷത്തി എൺപത്തിമൂവായിരം രൂപ) അനുവദിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇതിന് അംഗീകാരം നൽകിയത്.
കാലങ്ങളായി മുടങ്ങിക്കിടക്കുന്ന റോഡിന്റെ നിർമ്മാണം ഇനി പുനരാരംഭിക്കാൻ കഴിയും. 1985 ലാണ് റോഡ് നിർമ്മാണം തുടങ്ങി അപ്രോച്ച് പാലം പൂർത്തിയാക്കിയത് തുടർന്ന് കേസുകളിലും, ചുവപ്പുനാടയിലും കുടുങ്ങിയതോടെ നാട്ടുകാരുടെ ചിരകാലസ്വപ്നം പൂവണിഞ്ഞില്ല. ആ സ്വപ്ന പദ്ധതിക്കാണ് മന്ത്രി വി എൻ വാവസന്റെ നിരന്തരമായ ശ്രമഫലമായി ഇപ്പോൾ മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നത്. ഏറ്റുമാനൂർ മണ്ഡലത്തിന്റെ ചുമതല ഏറ്റെടുത്തതു മുതൽ മുടങ്ങിക്കിടന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ നിർമ്മാണത്തിനായി മന്ത്രി തന്നെ ഇടപെടുകയായിക്കുന്നു. കോടതി ഉത്തരവിൻ പ്രകാരം ആദ്യ കരാറുകാരനെ ഒഴിവാക്കി നടപടികൾ ആരംഭിച്ചു. അതിനുശേഷം പണി പൂർത്തിയാക്കുന്നതിനായി പുതുക്കിയ എസ്റ്റിമേറ്റിനുള്ള ശ്രമം തുടങ്ങി.
റോഡിൻ്റെ പൂർത്തീകരണത്തിന് ആദ്യം 5,29,43,713 രൂപ മുൻപ് അനുവദിച്ചിരുന്നു. (അഞ്ച് കോടി ഇരുപത്തി ഒൻപത് ലക്ഷത്തി നാൽപത്തി മൂവായിരത്തി എഴുനൂറ്റി പതിമൂന്ന് ) എന്നാൽ ഈ തുകയ്ക്ക് പ്രവർത്തി പൂർത്തീകരിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. ഇതേ തുടർന്നാണ് പുതിയ എസ്റ്റിമേറ്റ് തയാറേക്കണ്ടിവന്നത്. റോഡിന്റെ നിർമ്മാണത്തിനായി 5,90,69,054 രൂപയുടെ ( അഞ്ച് കോടി തൊണ്ണൂറ് ലക്ഷത്തി അറുപത്തി ഒൻപതിനായിരത്തി അൻപത്തി നാല് രൂപ) ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. ടെൻഡർ നൽകിയപ്പോൾ ടെൻഡർ എക്സസായി. ടെൻഡർ എക്സസ് അനുവദിക്കണമെന്ന കെ.എസ്.ആർ.ആർ.ഡി.എ ചീഫ് എൻജിനീയറുടെ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗം ഇന്ന് തീരുമാനം എടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പർകുട്ടനാടിന്റെ സമഗ്രപുരോഗതിക്കും ആയിരക്കണക്കിന് ഏക്കർ കാർഷികമേഖലയുടെ അഭിവൃദ്ധിക്കും പ്രസ്തുത റോഡ് വഴിയൊരുക്കും. അയ്മനം പഞ്ചായത്തിന്റെ 20,1 വാർഡുകളിലായാണ് പാലവും അപ്രോച്ച് റോഡും സ്ഥിതി ചെയ്യുന്നത്. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ എന്നീ പാടശേഖരങ്ങൾക്ക് നടുവിലൂടെയാണ് റോഡ് കടന്നു പോകുന്നത്. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിക്കാൻ മന്ത്രിയുടെ ശ്രമഫലമായി തീരുമാനമായിരിക്കുന്നത്.
ഈ റോഡിന്റെ തുടർച്ചയായി വരുന്ന മാഞ്ചിറയിലെ പാലം കൂടി പണി തീരുന്നതോടെ ഈ മേഖലയിൽ നിന്ന്
കുമരകം വഴി, ആലപ്പുഴ, എറണാകുളം റോഡുകളിലേക്ക് കുറഞ്ഞ സമയംകൊണ്ട് ഈ റോഡിലൂടെ എത്താൻ കഴിയും . ഇതിനായി മാഞ്ചിറ പാലത്തിന്റെ നിർമ്മാണം എം.എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് അയ്മനത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു പരിപ്പ് പരിപ്പ് തൊള്ളായിരം റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നത്. അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. അയ്മനം, കുമരകം പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ യാഥാർത്ഥ്യമാവുന്നത്. റോഡ് പൂർത്തിയാകുമ്പോൾ ഈ പ്രദേശത്തിന്റെ വികസന മുന്നേറ്റത്തിന് അത് വഴിയൊരുക്കും. അയ്മനം കുമരകം മേഖലയിലെ ടൂറിസത്തിനും കാർഷിമേഖലയ്ക്കും നേട്ടമായിമാറും ഈ റോഡെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.