play-sharp-fill
പറവൂരിൽ  താലൂക്ക് ആശുപത്രിയിലെ കാന്റീനുള്ളില്‍ മൃതദേഹം കൊണ്ടുവന്ന പെട്ടി ; കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി; പിന്നാലെ ആരോഗ്യ വിഭാഗം പരിശോധന നടത്തി കാന്റീൻ പൂട്ടിച്ചു; ന​ഗരസഭാ അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

പറവൂരിൽ താലൂക്ക് ആശുപത്രിയിലെ കാന്റീനുള്ളില്‍ മൃതദേഹം കൊണ്ടുവന്ന പെട്ടി ; കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി; പിന്നാലെ ആരോഗ്യ വിഭാഗം പരിശോധന നടത്തി കാന്റീൻ പൂട്ടിച്ചു; ന​ഗരസഭാ അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

സ്വന്തം ലേഖകൻ

പറവൂര്‍: താലൂക്ക് ആശുപത്രിയിലെ കാന്റീനിനുള്ളില്‍ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയ സംഭവം വിവാദമാകുന്നു. ശവപ്പെട്ടി കാന്റീനില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി ആശുപത്രിയിലേക്ക് മാര്‍ച്ച്‌ നടത്തി. ശവപ്പെട്ടി കണ്ടെത്തിയതിന് പിന്നാലെ ആരോഗ്യ വിഭാഗം പരിശോധന നടത്തുകയും കാന്റീന്‍ പൂട്ടുകയും ചെയ്തിരുന്നു.


താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച എംബാം ചെയ്ത മൃതദേഹം കൊണ്ടുവന്ന പെട്ടിയാണ് ഒരാഴ്ചയായി കാന്റീനിനുള്ളില്‍ വെച്ചിരുന്നത്‌. ഇതു സംബന്ധിച്ച്‌ നേരത്തേ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി. നിഥിന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ പരാതിപ്പെട്ടെങ്കിലും പരിശോധനയുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കൂടിയ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലും കൗണ്‍സില്‍ യോഗത്തിലും ഈ വിഷയം ഉയര്‍ന്നിരുന്നു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കാന്റീനില്‍ പരിശോധനയ്ക്കെത്തിയതിനു പിന്നാലെ പെട്ടി ഇവിടെ നിന്നു മാറ്റി.

ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി കൂടിയ ദിവസം ഈ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എ. പ്രഭാവതി ഇവിടം സന്ദര്‍ശിക്കുകയും പെട്ടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൃതദേഹം എംബാം ചെയ്തു കൊണ്ടുവരുന്ന പെട്ടി എങ്ങനെ ആശുപത്രി കാന്റീനില്‍ എത്തി എന്നത് നഗരസഭ അന്വേഷിക്കാതിരുന്നത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൃതദേഹം വിദേശത്തുനിന്നു കൊണ്ടുവന്ന പെട്ടി ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ എടുത്ത് കാന്റീനില്‍ വെച്ചതാണെന്നും പിന്നീടിത് മറിച്ചു വില്‍ക്കാനായിരുന്നു നീക്കമെന്നുമാണ് സൂചന. ആശുപത്രി പരിസരത്തെ ചില ആംബുലന്‍സ് ഡ്രൈവര്‍മാരടക്കമുള്ളവരുടെ പേരുകള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ട്.

അനാരോഗ്യ ചുറ്റുപാടിലാണ് കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നു കാട്ടി മുനിസിപ്പല്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. കാന്റീന്‍ താത്‌കാലികമായി പൂട്ടിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കാന്റീനില്‍ ശവപ്പെട്ടി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ടി.വി. നിഥിന്‍ പോലീസില്‍ പരാതി നല്‍കി.