കാഞ്ഞിരപ്പള്ളി: പാറത്തോട് ചിറയ്ക്കു സമീപം വീടിനുള്ളില്‍ മാതാപിതാക്കളെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാണെന്നു പോലീസ് വ്യക്തമാക്കി.
റിട്ട. എഎസ്‌ഐ പൂന്തോട്ടത്തില്‍ സോമനാഥന്‍ നായര്‍ (84), ഭാര്യ സരസമ്മ (55), മകന്‍ സപ്ലൈ ഓഫീസിലെ ക്ലർക്ക് ശ്യാംനാഥ് (31) എന്നിവരെയാണു കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിലേക്കു നയിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
പുറത്തുനിന്നൊരാള്‍ അകത്തു കടക്കുകയോ വീട്ടിലെ പണവും സ്വര്‍ണവും നഷ്‌ടപ്പെടുകയോ ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി പത്തുവരെ ശ്യാംനാഥ് വാട്സാപ്പില്‍ സമയം ചെലവഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. രാത്രി ഭക്ഷണവും ഇവര്‍ കഴിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുശേഷമാണു സംഭവം. വീടിന്‍റെ ആധാരം സുരക്ഷിതമായി അലമാരയില്‍ സൂക്ഷിച്ചിട്ടുണ്ട്. വീടും സ്ഥലവും സരസമ്മയുടെയും ശ്യാംനാഥിന്‍റെയും പേരില്‍ തന്നെയായിരുന്നുവെന്നും എന്നാല്‍, മറ്റു രേഖകള്‍ അടുക്കളയില്‍ കത്തിച്ച നിലയിലാണെന്നും പോലീസ് പറഞ്ഞു.
വാക്കത്തികൊണ്ട് തലയ്ക്കു വെട്ടി അതിക്രൂരമായാണു കൊലപ്പെടുത്തിയത്. ദമ്പതികള്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് ശ്യാംനാഥ് ആക്രമിച്ചതെന്നാണു കരുതുന്നത്. ആക്രമിക്കാന്‍ ഉപയോഗിച്ച വാക്കത്തി കഴുകിയശേഷം അടുക്കളയില്‍ കൊണ്ടുപോയി തിരികെ വയ്ക്കുകയും കൈയില്‍ പുരണ്ട രക്തം തോര്‍ത്തില്‍ തുടയ്ക്കുകയും ചെയ്തു.
മൃതദേഹങ്ങളെ ശ്യാംനാഥ് രണ്ടുമൂന്ന് തവണ മറികടന്നതായി സംശയിക്കുന്ന തരത്തില്‍ രക്തം പുരണ്ട കാല്‍പ്പാടുകളുമുണ്ടെന്ന് പോലീസ് പറയുന്നു. അച്ഛൻ സോമനാഥന്‍ നായരുമായി ശ്യാംനാഥ് നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് പോലീസിന്‍റെ നിഗമനം.
വിവാഹം വൈകുന്നതിന്‍റെ പ്രശ്നങ്ങളും നിലനിന്നിരുന്നു. ഇയാള്‍ക്കു വിഷാദരോഗമുണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നു. ഇയാളുടെ മുറിയില്‍നിന്നു കണ്ടെത്തിയ ഗുളിക വിശദപരിശോധനയ്ക്ക് മെഡിക്കല്‍ കോളേജിലേക്ക് പോലീസ് നല്‍കിയിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചകഴിഞ്ഞു 3.45 ഓടെയാണ് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചത്. 4.30 ഓടെ മൂവരുടെയും സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.