പരശുറാം എക്‌സ്പ്രസ്സിൽ ശ്വാസം മുട്ടുന്നു ; ദിവസേന കോച്ചുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു
സ്വന്തം ലേഖിക
പാലക്കാട്: പരശുറാം എക്‌സ്പ്രസ്സിൽ തിങ്കളാഴ്ച അഞ്ചുകോച്ചുകൾ കുറച്ചത് സാങ്കേതികവിഭാഗത്തിന്റെ അനുമതി കിട്ടാത്തതിനാലാണെന്ന് റെയിൽവേ. സാങ്കേതികപരിശോധനയിൽ ബോഗികളിലെ തകരാർ പരിഹരിച്ചിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് കോച്ചുകൾ കുറച്ചതെന്ന് അധികൃതർ അറിയിച്ചു.
വാഗൺ ട്രാജഡിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ യാത്രക്കാർ തിങ്ങിനിറഞ്ഞ് ഓടിയ പരശുറാം എക്‌സ്പ്രസിൽ ചൊവ്വാഴ്ച രണ്ടു കോച്ചുകൾ കൂടി അധികം ഘടിപ്പിച്ചിരുന്നു. എന്നാൽ, തിരക്കിന് ശമനമൊന്നുമുണ്ടായില്ല. ശ്വാസംവിടാൻ പോലും കഴിയാതെയാണ് ആയിരങ്ങൾ യാത്രചെയ്തത്. ചിലർ ദേഹാസ്വാസ്ഥ്യം മൂലം കോഴിക്കോട്ടെത്തിയപ്പോൾ ചികിത്സ തേടി. പ്രായമായ ഒരാൾ തലകറങ്ങി വീണതിനെത്തുടർന്ന് സഹയാത്രികർ ചേർന്നാണ് റെയിൽവേ സ്റ്റേഷനിലിറക്കി ചികിത്സ ലഭ്യമാക്കിയത്. ഈ അവസ്ഥ എത്രദിവസം തുടരുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച മംഗളൂരുവിൽനിന്ന് യാത്രയാരംഭിച്ച വണ്ടിയിൽ അഞ്ചു ജനറൽ കോച്ചുകളാണ് കുറച്ചത്. ദിവസവും 21 കോച്ചുകളുമായി ഓടുന്ന വണ്ടിയിൽ 16 കോച്ചുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നേരത്തേ പാലക്കാട് ഡിവിഷന്റെ നിയന്ത്രണത്തിൽ മംഗളൂരുവിലായിരുന്നു കോച്ചുകളുടെ ശുചീകരണവും അറ്റകുറ്റപ്പണികളും നടത്തിയിരുന്നത്. മംഗളൂരുവിൽ കൂടുതൽ വണ്ടികളായതോടെ പരശുറാമിന്റെ അറ്റകുറ്റപ്പണികൾ നാഗർകോവിലിലേക്ക് മാറ്റി.
സാധാരണകോച്ചുകൾ അറ്റകുറ്റപ്പണിക്കായി പിടിച്ചിടുമ്പോൾ പകരം കോച്ചുകൾ ഘടിപ്പിക്കാറുണ്ട്. ദീർഘദൂര വണ്ടികളിൽ ഉപയോഗിക്കുന്ന സ്ലീപ്പർ കോച്ചുകളും പകൽ യാത്രാവണ്ടികളിലെ കോച്ചുകളും വ്യത്യസ്തമാണ്. പകൽവണ്ടികളിലെ കോച്ചുകളിൽ കുടുതൽ പേർക്കുനിന്ന് യാത്രചെയ്യാനാവും.
കേരളത്തിലെ രണ്ട് ഡിവിഷനുകളിലും പകൽവണ്ടികളിലെ കോച്ച് കേടായാൽ പകരം ഉപയോഗിക്കാൻ അധിക കോച്ചുകൾ ഇല്ല. ഇതാണ് കഴിഞ്ഞ ദിവസം പരശുറാമിലും കോച്ചുകൾ കുറയാനിടയാക്കിയത്.