പാറമ്പുഴയിലെ വീട്ടിലെ പട്ടാപ്പകൽ മോഷണം: പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു; ഇയാളെ എവിടെക്കണ്ടാലും ഉടൻ വിവരം അറിയിക്കുക

പാറമ്പുഴയിലെ വീട്ടിലെ പട്ടാപ്പകൽ മോഷണം: പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു; ഇയാളെ എവിടെക്കണ്ടാലും ഉടൻ വിവരം അറിയിക്കുക

സ്വന്തം ലേഖകൻ

കോട്ടയം: പാറമ്പുഴയിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. സംഭവം നടന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന വീട്ടമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ രാജേഷ് മണിമലയാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇറഞ്ഞാൽ പാറമ്പുഴ റോഡിൽ കൊച്ചുപുരയ്ക്കൽ പ്രവീണിന്റെ വീട്ടിൽ മോഷ്ടാവ് കയറി ഏഴു പവൻ സ്വർണവും, കെഎൽ 5 എക്‌സ് 9788 നമ്പരിലുള്ള ഹീറോ ഹോണ്ട സി.ഡി ഡീലക്‌സ് ബൈക്കും മോഷ്ടിച്ച ശേഷം രക്ഷപെട്ടത്. ഇയാൾ മറ്റൊരിടത്തു നിന്നും മോഷ്ടിച്ച് കൊണ്ടു വന്ന ഹോണ്ടയുടെ യൂണിക്കോൺ ബൈക്ക ഇവിടെ ഉപേക്ഷിച്ച ശേഷമാണ് പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടത്.
പ്രവീണിന്റെ അമ്മ പൊന്നമ്മയും അച്ഛൻ നാണപ്പനും മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. പൊന്നമ്മ പുറത്തേയ്ക്ക് ഇറങ്ങിയ തക്കം നോക്കിയാണ് പ്രതി വീടിനുള്ളിൽ കയറി മോഷണം നടത്തി മടങ്ങിയത്. പൊന്നമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തുന്നത്. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശാനുസരണം, കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊന്നമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രേഖാചിത്രം തയ്യാറാക്കിയത്.
പ്രതിയെപ്പറ്റി ഏതെങ്കിലും വിവരം ലഭിക്കുന്നവർ ഡിവൈ.എസ്പി കോട്ടയം 9497990050 ,കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ- 9497987071, എസ്.ഐ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ – 9497980326. എന്നീ നമ്പരുകളിലോ വിവരം അറിയിക്കുക.