video
play-sharp-fill

വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കുക ; ഫയര്‍ വര്‍ക്ക് കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്നി തസ്തികകളില്‍ പെസോയുടെ പരീക്ഷ ദേവസ്വം പ്രതിനിധികള്‍ പാസായി സമയബന്ധിതമായി അപേക്ഷ നല്‍കണം ; പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് സാധ്യത ; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

Spread the love

കൊച്ചി: തൃശൂർ പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് സാധ്യത തെളിയുന്നു. വെടിക്കെട്ട് നടക്കുമ്പോള്‍ വെട്ടിക്കെട്ട് പുരയില്‍ സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും ഫയര്‍ വര്‍ക്ക് കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്നി തസ്തികകളില്‍ പെസോയുടെ പരീക്ഷ ദേവസ്വം പ്രതിനിധികള്‍ പാസായി സമയബന്ധിതമായി അപേക്ഷ നല്‍കുകയും ചെയ്താല്‍ വെടിക്കെട്ടിന് അനുമതി നല്‍കുന്ന കാര്യത്തില്‍ എഡിഎമ്മിന് പുനഃപരിശോധന നടത്താവുന്നതാണെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു.

വെടിക്കെട്ടു നടത്തിപ്പിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സ്‌ഫോടകവസ്തു ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്ത് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയില്‍ നിന്ന് 200 മീറ്റര്‍ അകലം വേണം എന്നും ഫയര്‍ വര്‍ക്ക് കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്നി തസ്തികകളില്‍ പെസോയുടെ പരീക്ഷ ദേവസ്വം പ്രതിനിധികള്‍ പാസായി അപേക്ഷ നല്‍കണമെന്നും പുതിയ ചട്ടത്തില്‍ പറയുന്നു. ഇത് രണ്ടും ചൂണ്ടിക്കാണിച്ചാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. എന്നാല്‍ വേലയുടെ വെടിക്കെട്ടിന് വെടിക്കെട്ട് പുരയില്‍ യാതൊരുവിധ സ്‌ഫോടകവസ്തുക്കളും സൂക്ഷിക്കുന്നില്ല എന്ന് ദേവസ്വങ്ങള്‍ വാദിച്ചു. അതുകൊണ്ട് തന്നെ 200 മീറ്റര്‍ ദൂരപരിധി ഇവിടെ ബാധകമാകുന്നില്ലെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാണിച്ചു. ആ വാദം ഹൈക്കോടതി അംഗീകരിച്ചു.

ഫയര്‍ വര്‍ക്ക് കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്നി തസ്തികകളില്‍ പെസോ നടത്തുന്ന പരീക്ഷയില്‍ ദേവസ്വം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ പരീക്ഷ പാസായി സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് വേലയ്ക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുദേവസ്വങ്ങളും. മൂന്നാം തീയതിയും അഞ്ചാം തീയതിയുമാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വേല നടക്കുന്നത്. വേലയോടനുബന്ധിച്ചാണ് വെടിക്കെട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ നിലനില്‍ക്കുന്ന തദ്ദേശീയമായ പരമ്പരാഗത വെടിക്കെട്ടുകള്‍ തുടച്ചു നീക്കുകയെന്ന ലക്ഷ്യമാണു കേന്ദ്ര വിജ്ഞാപനത്തിനു പിന്നിലെന്ന് ആശങ്കയുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ജസ്റ്റിസ് പി എം മനോജാണു ഹര്‍ജി പരിഗണിച്ചത്. സ്‌ഫോടകവസ്തു നിയമത്തിനും 2008ലെ ചട്ടത്തിനും വിരുദ്ധമാണു വിജ്ഞാപനമെന്നും അതിനാല്‍ നിയമപരമായി അസാധുവാണെന്നു പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2008ലെ സ്‌ഫോടക വസ്തു ചട്ടങ്ങള്‍ക്കു വിരുദ്ധമാണു ഭേദഗതി വിജ്ഞാപനമെന്നും ഇത് പാലിക്കുക അസാധ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.